കൊച്ചി: കെഎസ്‌ആർടിസി മിന്നൽ പണിമുടക്കിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസിനും തൊഴിലാളികൾക്കും സംഭവത്തിൽ ഉത്തരവാദിത്തമുണ്ട്. നിയമം നടപ്പിലാക്കേണ്ടത് പൊലീസാണ്. അവർ അതിൽ വീഴ്‌ച വരുത്തിയെങ്കിൽ പൊലീസിനെതിരെ നടപടിയെടുക്കണം. പ്രശ്‌നം വഷളാക്കിയതിൽ പൊലീസിന്‍റെ പങ്കും അന്വേഷിക്കണം. സര്‍ക്കാര്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഏകപക്ഷീയമായി നടപടിയെടുക്കുന്നതിനോട് യോജിപ്പില്ല. റോഡില്‍ അല്ലാതെ പിന്നെവിടെയാണ് ബസ് നിർത്തുകയെന്നും യാത്രക്കാരന്‍റെ മരണത്തിന് കാരണമായ വിധം കെഎസ്‌ആർടിസി ജീവനക്കാർ ഗതാഗത സ്‌തംഭനമുണ്ടാക്കിയിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
എന്നാൽ എല്ലാ സാഹചര്യത്തിലും മിന്നൽ പണിമുടക്കിനെ പിന്തുണക്കാന്‍ സാധിക്കില്ലെന്നും കാനം രാജേന്ദ്രൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പ്രളയ ഫണ്ട് തട്ടിപ്പിൽ സർക്കാരിന് വീഴ്‌ചയില്ല. ഇതിലുൾപ്പെട്ട സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പാർട്ടിതലത്തില്‍ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.