കൊച്ചി: ലക്ഷദ്വീപിനടുത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യെമൻ രജിസ്ട്രേഷനിലുള്ള ബോട്ട് കോസ്റ്റ് ഗാർഡ് കൊച്ചിയിലെത്തിച്ചു. യെമനില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് മലയാളികളടക്കം ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴുപേർ തമിഴ്നാട് സ്വദേശികളാണ്. തമിഴ്നാട്ടിലെ തൊഴിലാളി സംഘടനയായ സൗത്ത് ഏഷ്യൻ ഫിഷർമാൻ ഫ്രട്ടേണിറ്റിയെന്ന സംഘടനയുടെ ഇ-മെയിൽ സന്ദേശത്തെത്തുടർന്നാണ് ബോട്ട് കണ്ടെത്താനായത്. നാവികസേനയുടെ ഡോർണിയർ വിമാനം പടിഞ്ഞാറൻ കൊച്ചിയിൽ നിന്നും നൂറ് നോട്ടിക്കല്‍ മൈൽ അകലെ നിന്നാണ് ബോട്ട് കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി കടലിലേക്ക് പോയ കോസ്റ്റ് ഗാർഡിന്റെ കപ്പൽ ബോട്ടിനെ കൊച്ചിയിലെത്തിക്കുകയായിരുന്നു.
കൊല്ലം സ്വദേശികളായ നൗഷാദ്, നിസാർ എന്നിവരും തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൺ, ആൽബർട്ട് ന്യൂട്ടൻ, എസ്ക്കാലിൻ, അമൽ വിവേക്, ഷാജൻ, സഹായ ജഗൻ, സഹായ രവികുമാർ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. കൊച്ചിയിലെത്തിച്ച ശേഷം തൊഴിലാളികളെ കോസ്റ്റ് ഗാർഡും നാവികസേനയും ചോദ്യം ചെയ്തു. ഇവരെ കോസ്റ്റൽ പൊലീസിനെ ഏൽപ്പിച്ചു. 11 മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം തൊഴിലാളികളെ വിട്ടയക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.
ഗൾഫിലേക്ക് തൊഴിൽ തേടിപ്പോയി യെമനിലെത്തി സ്പോൺസറുടെ കെണിയിൽ അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികൾ ബോട്ടുമായി രക്ഷപ്പെട്ട് പലായനം ചെയ്യുന്നതിനിടെയാണ് ലക്ഷദ്വീപിലെ കൽപ്പേനിക്കടുത്ത് എത്തിയതെന്നാണ് തീര രക്ഷാസേനയുടെ കണ്ടെത്തൽ. യെമനിലെ സ്പോൺസർ വേതനമോ അടിസ്ഥാന സൗകര്യങ്ങളോ നല്‍കാത്തതിനെ തുടർന്നാണ് സ്പോൺസറുടെ ഉടമസ്ഥതയിലുള്ള ബോട്ടുമായി ഇവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്. ഇവരിലൊരാളുടെ ഭാര്യയുമായി കോസ്റ്റ് ഗാർഡ് ആശയ വിനിമയം നടത്തിയതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ യെമനിലെ ബോട്ടുമായി കൊച്ചിയിലേക്ക് പുറപ്പെട്ടുവെന്ന വിവരം ലഭിച്ചത്. തീര സംരക്ഷണ സേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ച മത്സ്യത്തൊഴികളെല്ലാം സുരക്ഷിതരാണെന്ന് സേന അറിയിച്ചു.