എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ പന്ത്രണ്ടുകാരിയായ ലിബിനയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് മലയാറ്റൂർ ഗ്രാമം. സ്‌ഫോടനത്തിൽ മലയാറ്റൂരിൽ കടുവൻകുഴി വീട്ടിൽ താമസിക്കുന്ന മൂന്ന് പേർക്ക് പരിക്കേറ്റതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് പന്ത്രണ്ടുകാരിയുടെ മരണത്തിൽ കലാശിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
അപകട വാർത്തയ്‌ക്ക് പിന്നാലെ അച്ഛൻ പ്രദീപിനെ ബന്ധപ്പെട്ടിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ഇയാൾ നൽകിയിരുന്നില്ല. നാട്ടുകാർ മാധ്യമങ്ങളിലൂടെയാണ് പന്ത്രണ്ടുകാരിയുടെ വിവരം അറിയുന്നത്. മലയാറ്റൂർ പറപ്പിള്ളി ജോസിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പ്രദീപും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
പാചക തൊഴിലാളിയായ പ്രദീപ് ജോലി തിരക്കുള്ളതിനാൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുക്കാൻ പോയിരുന്നില്ല. ഭാര്യ സാലിയും മൂന്നു മക്കളുമാണ് കളമശ്ശേരി സാമ്രാ സെന്‍ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്തത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
സാലിയും ഒരു മകനും കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. പ്രിയപ്പെട്ട മകൾ മരണമടഞ്ഞ വിവരം ഇവരെയോ, സഹോദരനെയോ അറിയിച്ചിട്ടില്ല. സാലിയും മക്കളും സ്ഥിരമായി യഹോവ സാക്ഷികളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു. മരിച്ച ലിബിന മലയാറ്റൂർ നീലീശ്വരം എസ്എൻഡി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യർഥി കൂടിയാണ്.
ശനി, ഞായർ ദിവസങ്ങളിൽ അവധി ആയതിനാലാണ് മക്കളെയും സാലി കൂടെ കൂട്ടിയത്. നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ കുട്ടികൾ രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് പോകാനിരിക്കെയാണ് വിദ്യാർഥിയുടെ മരണത്തിൽ അനുശോചിച്ച് സ്‌കൂളിന് അവധി നൽകിയതായുള്ള വിവരമറിയുന്നത്. തങ്ങളുടെ സഹപാഠിയുടെ ജീവൻ സ്‌ഫോടനം കവർന്നതിലുള്ള ഞെട്ടലിലാണ് നീലീശ്വരം സ്‌കൂളിലെ വിദ്യാർഥികൾ. അതിലേറെ വേദനയിലാണ് പ്രിയപ്പെട്ട വിദ്യാർഥിനിയെ നഷ്‌ടമായതിൽ ഈ സ്‌കൂളിലെ അധ്യാപകർ.
നാട്ടുകാരുമായി പ്രദീപും കുടുംബവും വലിയ ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും, കണ്ട് പരിചയമുള്ള കുട്ടിയുടെ ദാരുണാന്ത്യം നാട്ടുകാരെയും സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. മലയാറ്റൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുദർശനം ഉൾപ്പടെയുള്ള കാര്യങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. പന്ത്രണ്ടുകാരിയുടെ മരണ വാർത്ത കേട്ട് ഉണർന്ന മലയാറ്റൂർ ഗ്രാമവാസികൾ ലിബിന താമസിച്ചിരുന്ന വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.
കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലിബിന (12) ഇന്ന് പുലർച്ചെ 12:40 നാണ് മരണപ്പെട്ടത്. 95 ശതമാനം പൊള്ളലേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. സ്‌ഫോടനം നടന്ന് പത്ത് മിനിറ്റിനകം കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ച് വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കളമശ്ശേരി മെഡിക്കൽ കോളജ് അറിയിച്ചു.
അതേസമയം ഇന്നലെ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് കറുപ്പംപടി സ്വദേശി ലയോണയാണെന്ന് സ്ഥിരീകരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ തൊടുപുഴ സ്വദേശി മീനാകുമാരി ഇന്നലെ വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ മരണപ്പെട്ടിരുന്നു. കളമശ്ശേരി സാമ്രാ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ആകെ 52 പേരാണ് ചികിത്സ തേടിയത്.
ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആകെ 16 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് - 8 പേര്‍, സൺറൈസ് ഹോസ്‌പിറ്റൽ - 2 പേര്‍, രാജഗിരി ഹോസ്‌പിറ്റൽ - 4 പേര്‍ (വെന്‍റിലേറ്ററിൽ -1) ആസ്റ്റർ മെഡിസിറ്റി - 2 പേര്‍ എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നത്.
READ ALSO: Kalamassery Explosion Death Toll: കളമശ്ശേരി സ്‌ഫോടനം; മരണം 3 ആയി, മരിച്ചത് ചികിത്സയിലായിരുന്ന 12കാരി