എറണാകുളം : അഞ്ച് പതിറ്റാണ്ടുനീണ്ട ആലാപനത്തിലൂടെ ജനമനസുകള്‍ കവര്‍ന്ന പ്രതിഭയാണ് എസ്‌പി ബാലസുബ്രഹ്മണ്യം (SP Balasubrahmanyam). വിനയം തുളുമ്പുന്ന ചിരിക്കൊപ്പമുള്ള അനശ്വരനാദം കേട്ട് കൊതി തീരും മുമ്പ് വിട ചൊല്ലിയ തെന്നിന്ത്യയിലെ പ്രിയ ഗായകന്‍റെ ഓര്‍മകള്‍ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അമരം, ഗാന്ധർവ്വം തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് എസ്‌പിബിയ്‌ക്ക് വേണ്ടി കൈതപ്രം (Kaitapram Damodaran Namboothiri Shares Memories Of SPB) പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
മലയാളത്തിന്‍റെ ഗാന ഗന്ധർവനായ യേശുദാസിനെ ഗുരുതുല്യനായി കണ്ടിരുന്ന പ്രതിഭ കൂടിയാണ് ബാലസുബ്രഹ്മണ്യം. പല തവണ അദ്ദേഹം യേശുദാസിന് പാദ പൂജ ചെയ്യുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ട്. യേശുദാസിന്‍റെ ശബ്‌ദത്തോട് അദ്ദേഹത്തിന് വല്ലാത്ത ആരാധനയായിരുന്നു. ജീവിതത്തിലും വളരെ യോഗ്യനായ ഒരാളാണ് എസ്‌പിബി. അദ്ദേഹത്തിന്‍റെ മഹാമനസ്‌കത കണ്ടുപഠിക്കേണ്ടത് തന്നെയാണ്.
അമരം എന്ന സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന സമയത്ത് എസ്‌പിബിയുമായുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ശേഷം സംഗീത സംവിധായകൻ രവീന്ദ്രൻ മാഷുമായി ചേർന്ന് ചെന്നൈയിലെത്തി. എസ്‌പിബിയെ കൊണ്ട് ആ ഗാനം പാടിക്കാൻ രവീന്ദ്രൻ മാഷിന് ആഗ്രഹമുണ്ടായിരുന്നു. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള കോദണ്ഡപാണി സ്റ്റുഡിയോയിലാണ് റെക്കോർഡിങ്.
ഗാനം ആലപിക്കാനായി എസ്‌പിബി റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തി. രവീന്ദ്രൻ മാഷ് തന്നെ ട്രാക്ക് പാടിയ ഭാഗം കേൾപ്പിച്ചു. വികാരനൗകയുമായി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. ട്രാക്ക് കേട്ട് പൂർത്തിയാക്കിയ ശേഷം രവീ എന്ന് അദ്ദേഹം നീട്ടിവിളിച്ചു. ഇത് ഞാൻ പാടേണ്ട പാട്ട് അല്ല. ഈ ഗാനം പാടേണ്ടത് ദാസേട്ടനാണ്.
ഭാഷകൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തോളം ആർജവം ഇന്ത്യയിൽ ഇന്ന് മറ്റാർക്കും തന്നെ ഇല്ല. അതുകൊണ്ട് മലയാളം വേർഷൻ ദാസേട്ടൻ തന്നെ പാടണം. ഒരേസമയം തെലുഗുവിലും ഗാനം കമ്പോസ് ചെയ്‌തിരുന്നു. തെലുഗു വേർഷൻ വേണമെങ്കിൽ ഞാൻ പാടാം. ഈ ഗാനമാലപിക്കാൻ യോഗ്യൻ ദാസേട്ടനാണ് എന്ന് പറഞ്ഞ് സ്വന്തം സ്റ്റുഡിയോയിൽ നിന്ന് എസ് പി ബി ഇറങ്ങിപ്പോയിട്ടുണ്ട്.
രവീന്ദ്രൻ മാഷിന്‍റെ സംഗീതത്തിൽ ഒരുങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്ന് കയ്യിൽ ലഭിച്ചിട്ട് അത് ദാസേട്ടനെ കൊണ്ട് പാടിക്കണമെന്ന് പറഞ്ഞ മഹാമനസ്‌കത. അതും സ്വന്തം സ്റ്റുഡിയോയിൽ ഇരുന്നുകൊണ്ട് തന്നെ മറ്റാരും അങ്ങനെ ഒരു നിർദേശം നൽകുമെന്ന് കരുതുന്നില്ല. ഒരിക്കലല്ല നിരവധി തവണ അദ്ദേഹത്തിന്‍റെ നല്ല പെരുമാറ്റത്തിന് താൻ സാക്ഷിയായിട്ടുണ്ട്.
ഒരു വേദിയിൽ പാടാൻ വന്നാൽ ഓർക്കസ്‌ട്ര കൈകാര്യം ചെയ്യുന്ന ആൾക്കാരെ നേരിൽ പോയി കാണും. കൈ കൊടുക്കും. ഒരു വലിയ ഗായകന് അതിന്‍റെ ആവശ്യമൊന്നുമില്ല. പക്ഷേ അദ്ദേഹം അത് ചെയ്യും. കാലത്തിന് അനുസരിച്ച് തന്‍റെ ശബ്‌ദത്തിൽ വ്യതിയാനം വരുത്താനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. സംഗീത സംവിധായകൻ ശരത് പറയും പോലെ എസ്‌പിബിയുടെ തൊണ്ടയിൽ ഒരു ശ്രുതി ബോക്‌സ് ഉണ്ട്.
ഏത് രീതിയിലും അനായാസം പാടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് വരുത്തിയ തീരാനഷ്‌ടമാണ് എസ്‌പിബിയുടെ വിയോഗം. എസ്‌പിബിയുടെ വേര്‍പാട് ഇന്നും കൈതപ്രത്തിന് വിശ്വസിക്കാനായിട്ടില്ല. ജീവിതത്തിലേറ്റ ഏറ്റവും വലിയൊരു ഷോക്കാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും കൈതപ്രം അടിവരയിടുന്നു.
എസ്‌പിബി വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ വിസ്‌മയസംഗീതം ഇന്നും ജനങ്ങള്‍ നെഞ്ചോട് ചേര്‍ക്കുകയാണ്. മനസില്‍ അലിഞ്ഞുചേര്‍ന്ന ഗാനങ്ങളുടെ അണയാത്ത ശബ്‌ദമായി ജനഹൃദയങ്ങളില്‍ അദ്ദേഹം എക്കാലവുമുണ്ടാകും.