എറണാകുളം : ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് തമിഴ്‌നാട് സ്വദേശി നാരായണൻ. കടവന്ത്രയില്‍ പൂക്കട നടത്തുകയായിരുന്നു ഇയാൾ. ബെംഗളൂരുവില്‍ നിന്നടക്കം പൂക്കളെത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്.
ലോക്ക്‌ഡൗണിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. വീടിനും കടയ്ക്കും വാടകയിനത്തില്‍ മാത്രം പ്രതിമാസം 65,000 രൂപ വേണമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെയാണ് കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
ശനിയാഴ്‌ച രാവിലെയാണ് നാരായണൻ ഭാര്യ ജയ, നാലും ആറും വയസുള്ള മക്കളായ അശ്വന്ത്, ലക്ഷ്‌മി കാന്ത് എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. മൂവർക്കും നാരായണൻ ഉറക്കഗുളിക നൽകിയിരുന്നു. ശേഷം ഷൂവിന്‍റെ നാട കഴുത്തിൽ മുറുക്കി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം കഴുത്തിലെയും കൈയിലെയും ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
Also Read: കടവന്ത്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
മരിച്ച ജയയുടെ സഹോദരി ഇവരെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് ഗിരിനഗറിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് നാലുപേരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
നാരായണൻ ഒഴികെയുള്ളവർ അപ്പോഴേക്കും മരിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നാരായണന്‍. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നാരായണനും കുടുംബവും കഴിഞ്ഞ ഒന്നരവർഷമായി കടവന്ത്രയിലായിരുന്നു താമസം.