എറണാകുളം : വികസന വിഷയത്തില്‍ ഇടതുമുന്നണിയെ തുറന്ന ചര്‍ച്ചയ്‌ക്ക് വെല്ലുവിളിച്ച് കെ സുധാകരന്‍. എന്നാണ് എല്‍ഡിഎഫുകാര്‍ വികസനവാദികളായതെന്നും അദ്ദേഹം ചോദിച്ചു. എറണാകുളത്ത് പ്രതിപക്ഷ നേതാവിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.
ട്രാക്‌ടര്‍ വന്നപ്പോള്‍ തീയിട്ട് നശിപ്പിച്ചു, കമ്പ്യൂട്ടറിനെ എതിര്‍ത്തു തുടങ്ങി എല്ലാ മേഖലയിലും വികസനത്തോട് മുഖം തിരിഞ്ഞുനിന്നവരാണ് സിപിഎം. നട്ടെല്ലുണ്ടെങ്കില്‍ വികസന കാര്യത്തില്‍ തുറന്ന സംവാദത്തിന് കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതെ പൂര്‍ണ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
Also read: തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി ; ഐകകണ്‌ഠേന തീരുമാനം
സ്ഥാനാര്‍ഥി എല്ലാ ഘടക കക്ഷികള്‍ക്കും സ്വീകാര്യതയുള്ള ആളാണ്. കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. മെയ് 31-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ഥി.