എറണാകുളം : ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ആശ്വാസം. കേസിൽ പെരുമ്പാവൂർ കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു (Ivory case against Mohanlal High Court stays). ആറ് മാസത്തേക്കാണ് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ ഉൾപ്പടെ നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ അപേക്ഷ നേരത്തെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്നും, നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നുമുള്ള പെരുമ്പാവൂർ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. 2011ല്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത് (Ivory Seized From Mohanlal's House). അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ആദായനികുതി വകുപ്പെടുത്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. കേസവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഹർജി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു (Ivory Possession Case Against Mohanlal). ചെരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് സർക്കാരും, മോഹൻലാലും കോടതിയെ അറിയിച്ചു. അതിനാൽ ഇത് വൈൽഡ് ലൈഫ് ആക്‌ടിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹൻലാലിന്‍റെ വാദം.
അതേസമയം സാധാരണക്കാരനാണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ. കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി കേസ് ഓണാവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയതായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും കേസുമായി മുന്നോട്ടുപോകാൻ ഉത്തരവിടുകയും ചെയ്‌തു.
ALSO READ: നടന്‍ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി
പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വസ്‌തുതകളോ നിയമവശങ്ങളോ പരിശോധിക്കാതെയാണ് സർക്കാർ ഹർജി, കീഴ്‌ക്കോടതി തള്ളിയത്. മാത്രവുമല്ല, തനിക്കെതിരെ കേസിൽ തെളിവുകൾ ഇല്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാനായി അനുമതി തേടി അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു.