എറണാകുളം: ഐ അഹമ്മദ് സംവിധാനം ചെയ്‌ത് ജയം രവി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇരൈവൻ തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവയ്ക്കുകയാണ് (Iraivan Movie Jayam Ravi). ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് ശ്രീഗോകുലം മൂവീസ് ആണ്. പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ ജയം രവി മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു.
ജയം രവിയുടെ മുൻകാല ചിത്രങ്ങളായ തനി ഒരുവൻ, മിരുതൻ ഇപ്പോൾ ഇരൈവൻ തുടങ്ങിയവയിലെല്ലാം വയലൻസിന്‍റെ അതിപ്രസരം ഉണ്ടല്ലോ എന്ന ചോദ്യമാണ് മാധ്യപ്രവർത്തകർ ആദ്യം ഉന്നയിച്ചത്.
കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തുന്നത് തടയാൻ ഇത്തരം വയലൻസിന്‍റെ അതിപ്രസരം കാരണമാകില്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണ്. പക്ഷേ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിൽ റിലീസ് ചെയ്‌തു വലിയ വിജയം നേടി.
ഇരൈവൻ മികച്ച അഭിപ്രായവുമായി മുന്നോട്ടു പോകുന്നു. ഒരു സിനിമ വിജയമായാൽ പിന്നെ ഇത്തരം ഘടകങ്ങൾ ഒന്നും തന്നെ പ്രസക്തമാകുന്നില്ല. ഒരു സിനിമയുടെ ദൃശ്യഭാഷ മെച്ചപ്പെടുത്തുന്നതിനായി ആവശ്യമില്ലാതെ വയലൻസ് കുത്തി നിറക്കാറില്ല. മിരുതൻ എന്ന ചിത്രത്തിൽ ചർച്ച ചെയ്യുന്നത് സോമ്പികളുമായി നായകൻ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ്.
സോമ്പികളെ നശിപ്പിച്ചു കളയുക തന്നെയാണ് ആശയ ലക്ഷ്യം. അതുപോലെ തന്നെയാണ് ഇരൈവൻ ചിത്രത്തിൽ രാഹുൽ ബോസ് കൈകാര്യം ചെയ്യുന്ന കഥാപാത്രം ഒരു സൈക്കോപാത്ത് ആണ്. അയാളുടെ കൊലപാതക രീതികൾ കൂടുതൽ കൺവിൻസിങ് ആയാൽ മാത്രമേ നായക കഥാപാത്രത്തിന്‍റെ ചെറുത്തുനിൽപ്പ് പ്രേക്ഷകരിലേക്ക് കൃത്യമായി കൺവേ ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്ന് താരം പറഞ്ഞു.
കരിയറിൽ ധാരാളം പൊലീസ് വേഷങ്ങൾ തുടരെത്തുടരെ ചെയ്യുന്നതിന് പ്രത്യേക താൽപര്യം എന്തെങ്കിലുമുണ്ടോ എന്ന ചോദ്യം ജയം രവി പുഞ്ചിരിയോട് കൂടി ഉൾക്കൊണ്ടു. ഉത്തരം പറയുന്നതിനു മുമ്പ് തന്നെ താൽപ്പര്യമെന്ന മലയാളം വാക്ക് അദ്ദേഹത്തിന് വല്ലാതെ ഇഷ്‌ടപ്പെട്ടു. ഒന്ന് രണ്ട് തവണ താൽപ്പര്യം എന്ന് ആവർത്തിച്ചു പറഞ്ഞ് കൗതുകമുളവാക്കി.
'മലയാളം കേട്ടാൽ കൃത്യമായി മനസ്സിലാകും. സംസാരിക്കുവാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. മലയാളഭാഷയെയും കേരളത്തെയും താൻ അത്രയും സ്നേഹിക്കുന്നു. ഒരു സെക്കന്‍റ് ഹോം ആയാണ് കേരളത്തെ നോക്കിക്കാണുന്നത്. മലയാള മണ്ണുമായുള്ള ബന്ധം താൻ എപ്പോഴും ആസ്വദിക്കാറുണ്ട്', ജയം രവി പറഞ്ഞു.
പേരാണ്‍മൈ എന്ന ചിത്രത്തിൽ പൊലീസ് വേഷം ചെയ്‌തു തുടങ്ങിയ യാത്ര തനി ഒരുവൻ, ബോഗൻ, അടങ്കമാറ്, ഇപ്പോൾ ഇരൈവൻ അങ്ങനെ തുടർന്നു പോകുന്നു. സ്ഥിരമായി പൊലീസ് വേഷം ചെയ്യുന്നതുകൊണ്ടു തന്നെ ഒരാൾ തനിക്കൊരു പൊലീസ് കഥാപാത്രവുമായി സമീപിച്ചാൽ ഒരിക്കലും ആ ഓഫർ സ്വീകരിക്കുകയില്ല.
കൺവിൻസിങ് ആയി പൊലീസ് കഥാപാത്രം കൈകാര്യം ചെയ്യാനുള്ള കഴിവ് ഭാവിയിൽ വരാനിരിക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ടൈപ്പ് കാസ്‌റ്റ് ചെയ്യാൻ കാരണമാകും. അതൊരിക്കലും അനുവദിക്കില്ല. ചെയ്‌തു വന്ന എല്ലാ പൊലീസ് കഥാപാത്രങ്ങൾക്കും വ്യത്യസ്‌ത ഭാവമാണ്.
തനി ഒരുവനിലെയും ഇരൈവനിലെയും പൊലീസ് കഥാപാത്രങ്ങൾക്ക് കൃത്യമായ വ്യത്യസ്‌ത തലങ്ങളുണ്ട്. ബോഗനിലെ ഫാന്‍റസി കോപ്പും, തനി ഒരുവനിലെ ധൈര്യശാലിയായ പൊലീസുകാരനും അടങ്ക മാറൂവിലെ സാധാരണക്കാരനായ പൊലീസുകാരനും ഒക്കെ ആസ്വദിച്ച് ചെയ്‌ത കഥാപാത്രങ്ങളാണ്.
അതിനെ ഒരേ ഗണത്തിൽപ്പെടുത്തുന്നതിൽ അർത്ഥമില്ല. വ്യത്യസ്‌ത ഭാവ തലങ്ങൾ ഉള്ള പൊലീസ് വേഷങ്ങൾ വന്നാൽ ഇനിയും അത്തരം വേഷങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. ഇരൈവൻ ചിത്രത്തിന്‍റെ വിജയത്തിന് അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു.