എറണാകുളം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. മാര്‍ച്ച് 28 വരെ വിമാനത്താവളം അടച്ചിടാനാണ് തീരുമാനം. ഞായറാഴ്‌ച രാവിലെ ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം പറന്നുയര്‍ന്നതോടെ വിമാനത്താവളം അടച്ചു. ഇന്ന് അവസാനമായി നെടുമ്പാശ്ശേരിയില്‍ എത്തിയതും ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനമാണ്. യാത്രക്കാരെ പരിശോധനക്ക് ശേഷം ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു.
എന്നാല്‍ ആഭ്യന്തര സര്‍വീസുകള്‍ തുടരും. മൂന്ന് ഘട്ടമായുള്ള കര്‍ശന പരിശോധനക്ക് ശേഷം ആംബുലന്‍സുകളില്‍ യാത്രക്കാരെ വീടുകളില്‍ എത്തിക്കും. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച 28ന് ശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇതിന് മുമ്പ് പ്രളയ കാലത്തും കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. വിമാനത്താവള റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ നിലവില്‍ കൊച്ചിയില്‍ നിന്നും സര്‍വീസുകളില്ല.