എറണാകുളം: കൊച്ചിയില്‍ അന്തര്‍ സംസ്ഥാന മാല മോഷ്‌ടാക്കള്‍ പിടിയില്‍. മോഷ്‌ടിച്ച ബൈക്കുമായി മാല പൊട്ടിക്കുന്ന പഞ്ചാബ് സ്വദേശികളെയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ ബിപിസിഎല്ലില്‍ കരാര്‍ ജീവനക്കാരായി ജോലി ചെയ്‌തു വരികയായിരുന്നു.
പഞ്ചാബ് അമൃത്സര്‍ ജില്ലയിലെ പിപ്പല്‍ വാലി സ്വദേശികളായ വികാസ് ദദ്വാല്‍, ഗുര്‍ദീപ് സിംങ്, നന്ദകിഷോര്‍ എന്നിവരാണ് പിടിയിലായത്. ഈ മാസം എട്ടാം തിയതി തിരുവാങ്കുളം ഭാവന്‍സ് സ്‌കൂളിന് സമീപത്ത് 76 കാരിയെയും ചിത്രപുഴയ്ക്ക് സമീപം 60കാരിയെയും ആക്രമിച്ച് മാല മോഷ്‌ടിച്ച കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ബൈക്ക് മോഷ്‌ടിച്ചതാണെന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പിന്നീട് തൃപ്പൂണിത്തുറയിലെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ബിപിസിഎല്ലിലെത്തിയത്. ഇവിടെ ജോലിക്കെത്തിയ പതിനാറായിരത്തോളം തൊഴിലാളികളില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ റിക്രൂട്ട് ചെയ്‌ത ഏജന്‍റിന്‍റെ സഹായത്തോടെ സാഹസികമായാണ് പ്രതികളെ കുടുക്കിയത്.
തൊണ്ടിമുതലുമായി ആഗ്രയിലേക്ക് കടന്ന പ്രതികളിലൊരാളായ നന്ദകിഷോറിനെ ഡല്‍ഹി പൊലീസിന്‍റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ കൊച്ചിയിൽ രണ്ട് ബൈക്ക് മോഷണ കേസുകളും മൂന്ന് മാല പൊട്ടിക്കൽ കേസുകളുമാണ് രജിസ്റ്റർ ചെയ്‌തത്. സമാനമായ കുറ്റകൃത്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലും ചെയ്‌തതായി വ്യക്തമായിട്ടുണ്ട്.
ഈ കാര്യം അതതു സംസ്ഥാന പൊലീസിനെ അറിയിക്കുമെന്നും കൊച്ചി ഡിസിപി ശശിധരൻ ഐ.പി.എസ് വ്യക്തമാക്കി. ഹില്‍പാലസ് എസ്ഐമാരായ പ്രദീപ്, രേഷ്‌മ, രാജന്‍ വി പിളള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.