എറണാകുളം: കൊച്ചിയിൽ ഇന്ന് മുതൽ കൊവിഡ് 19 പരിശോധനകൾ കർശനമാക്കും. വിമാനത്തിൽ എത്തിചേരുന്നവർക്ക് പുറമെ യാത്ര തിരിക്കുന്നവരെയും കർശന പരിശോധനകൾക്ക് വിധേയമാക്കും. റെയിൽവെ സ്റ്റേഷനുകളിലെ പരിശോധനയും കർശനമാക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എറണാകുളം ജില്ലയിലെ വീടുകളിൽ ആകെ 4196 പേരാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ ജില്ലയിൽ ആശുപത്രികളിൽ നിരീഷണത്തിലുള്ളവരുടെ എണ്ണം 28 ആണ്. ഇതിൽ 24 പേർ കളമശ്ശേരിയിലും നാല് പേർ മുവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്.
നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നും ആരെയും ഒഴിവാക്കിയിട്ടില്ല. അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ വഴിയും മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം റോഡ്, റെയിൽ മാർഗങ്ങൾ വഴി ജില്ലയിലെത്തിയ ആൾക്കാരെ കണ്ടെത്തുവാൻ സി- ട്രാക്കർ സംവിധാനം വഴിയുള്ള വിവരശേഖരണം ആരംഭിച്ചു. ജില്ലയിലെ 1833 വാർഡുകളിൽ ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തെ ഉപയോഗിച്ചാണ് വിവരശേഖരണം.
കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെർമിനലിൽ കഴിഞ്ഞ ദിവസം എത്തിയ 20 വിമാനങ്ങളിലെ 2262 യാത്രക്കാരെ പരിശോധിച്ച് ഇവരെ വിവിധ ജില്ലകളിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. രോഗബാധിതരായി കളമശ്ശേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ കഴിയുന്ന എട്ട് പേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. എന്നാൽ ഒരു ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. നാളെ കൊച്ചി മെട്രോ പ്രവർത്തിക്കില്ല. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് കെ.എം.ആർ.എൽ അറിയിച്ചു.