എറണാകുളം: ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച 13 കാരിയുടെ ആന്തരികാവയവ പരിശോധനയിൽ ശരീരത്തിൽ നിന്നും ആല്‍ക്കഹോളിന്‍റെ അംശം കണ്ടെത്തിയതായി സൂചന. കാക്കനാട് റീജ്യണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധന ഫലത്തില്‍ നിന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. ഇതോടെ കുട്ടിയെ മദ്യമോ ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് പദാർത്ഥങ്ങളോ നല്‍കി ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോ എന്ന് സംശയം ഉയര്‍ന്നു. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയുടെ, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ മുങ്ങി മരണമാണെന്നാണ് കണ്ടെത്തല്‍.
കൂടുതൽ വായനക്ക്: എറണാകുളത്ത് 13കാരിയുടെ മൃതദേഹം കണ്ടെത്തി; പിതാവിനെ കാണാനില്ല
കുട്ടിയുടെ ശരീരത്തിനുള്ളില്‍ വിഷം ചെന്നിരുന്നോ, മദ്യത്തിന്‍റെയോ മയക്ക് മരുന്നിന്‍റെയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ, ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയവയാണ് ലാബില്‍ വിവിധ ഘട്ടങ്ങളിലായി പരിശോധിക്കുന്നത്. സംഭവം നടന്നയന്നുരാത്രി കുട്ടിയെ പിതാവ് സനു മോഹന്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ നിന്ന് കൊണ്ടുപോയത് അബോധാവസ്ഥയിലാണ്. ഈ സംശയം മുന്‍നിര്‍ത്തിയാണ് വിശദപരിശോധനക്ക് ആന്തരികാവയവങ്ങൾ ലാബിലേക്കയച്ചത്.
കൂടുതൽ വായനക്ക്: സനുമോഹന് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്
കഴിഞ്ഞ മാർച്ച് 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ 13 കാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി പിതാവ് സനു മോഹനനൊപ്പം പോയ പെണ്‍കുട്ടിയെയും ഇയാളെയും കാണാതാവുകയും അന്വേഷണത്തിനൊടുവിൽ കുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഏറെ നിഗൂഢത നിറഞ്ഞ കേസിൽ മൂന്നാഴ്‌ച പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ മരണവും പിതാവ് സനു മോഹനന്‍റെ തിരോധാനവും സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
കൂടുതൽ വായനക്ക്: സനു മോഹനൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ് ; നീക്കങ്ങള്‍ ഊർജിതം
ഇതിനിടെ സനു മോഹനൻ മൂകാംബികയിലെ ഒരു സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മൂകാംബികയിൽ നിന്നുള്ള ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സനു മോഹനനെ പിടികൂടിയാൽ മാത്രമേ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.