കൊച്ചി: കേരളാ ഫിഷറീസ് സമുദ്രപഠന സർവകലാശാല സംഘടിപ്പിക്കുന്ന കോൺഫറൻസ് കൊച്ചിയിൽ ആരംഭിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരം പങ്കിടുന്ന രാജ്യങ്ങളുടെ സംഘടനയായ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. 28 രാജ്യങ്ങളിലെ നാനൂറോളം ഗവേഷകരും വിദഗ്‌ധരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേലയുടെ ഇന്ത്യാ സന്ദർശനത്തെ തുടർന്ന് 1997ലാണ് ഐഒആർഒ എന്ന രാജ്യാന്തര സംഘടന രൂപം കൊണ്ടത്. നിലവിൽ ഈ സംഘടനയിൽ 22 അംഗരാജ്യങ്ങളും ഒമ്പത് പങ്കാളിത്ത രാജ്യങ്ങളുമുണ്ട്. ഇന്ത്യയിൽ ആദ്യമായിട്ട് ഇത്തരത്തിലൊരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് കൊച്ചിയിലായതിനാൽ സന്തോഷമുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്‌ത മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
വിദേശകാര്യ ജോയിന്‍റ് സെക്രട്ടറി വിക്രം ദൊരൈസ്വാമി, ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഡയറക്ടർ എസ്.സി.ഷേണായി, എത്യോപ്യയിലെ ഹസാവ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്‍റ് ഡോ.ഫിസിഹ തുടങ്ങി നിരവധി പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.