എറണാകുളം : കൊവിഡിനെതിരായ പോരാട്ടത്തിൽ കർമ്മനിരതരായ ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ച് നാവികസേന. രാജ്യവ്യാപകമായി നാവിക സേന വിഭാഗങ്ങൾ നടത്തിയ ആദരിക്കൽ ചടങ്ങിന്‍റെ ഭാഗമായി കൊച്ചിയിൽ നാവിക സേന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചു. ദക്ഷിണ നാവികസേനയുടെ ആസ്ഥാനത്ത് നിന്ന് പറന്നുയർന്ന ചോപ്പറുകൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിൽ പുഷ്‌പങ്ങൾ അർപ്പിച്ചു. ഇതിന് മുന്നോടിയായി മറൈൻഡ്രൈവിൽ നാവികസേന ചോപ്പറുകളും ബോട്ടുകളും ആദരവ് അർപ്പിച്ച് പര്യടനം നടത്തി.
കൂടാതെ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എറണാകുളം ജനറല്‍ ആശുപത്രിയിൽ നേരിട്ടെത്തി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നാവികസേന ഉദ്യോഗസ്ഥർ പൂച്ചെണ്ടുകൾ കൈമാറി. ജില്ലാ ഭരണകൂടത്തിനും ആരോഗ്യ പ്രവർത്തകർക്കും രാജ്യത്തിന്‍റെ ആദരവാണ് നാവികസേന നൽകിയതെന്ന് കൊച്ചി സ്റ്റേഷൻ കമാൻഡർ അനിൽ ജോസഫ് പറഞ്ഞു.