എറണാകുളം: ജീവിതത്തിലെ പ്രതിസന്ധികളും പ്രയാസങ്ങളും ചിലപ്പോൾ അക്ഷരങ്ങളായും പിന്നീട് കവിതകളായും മാറുമെന്ന് പറയാറുണ്ട്. കോതമംഗലം കവളങ്ങാട് ലക്ഷം വീട് കോളനിയിലെ പൂർത്തിയാകാത്ത വീട്ടിലിരുന്ന് യുവകവി അല്‍ക്കേജിൻ കവളങ്ങാട് എഴുതി തുടങ്ങിയത് പീഡനത്തിന് ഇരയായ യുവതിയെ പ്രണയിച്ച യുവാവിനെ കുറിച്ചാണ്. ഇരുവരും ബാല്യം മുതല്‍ മരണം വരെ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾ കൂടി ചേർന്നപ്പോൾ കവിത പൂർണമായി. ഒരു വർഷം കൊണ്ട് 3000 വരികളില്‍ 12000ത്തില്‍ അധികം വാക്കുകളിലാണ് അല്‍ക്കേജിൻ കവിത പൂർത്തിയാക്കിയത്.
പെൻസില്‍ ഉപയോഗിച്ച് ബില്‍ പ്രിന്‍റിങ് റോൾ പേപ്പറില്‍ ലളിത മലയാളത്തില്‍ എഴുതി തീർത്തപ്പോഴാണ് അതൊരു റെക്കോഡാണ് അറിയുന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയാണ് അല്‍ക്കേജിൻ പങ്കുവെയ്ക്കുന്നത്. അസമീസ് കവിയായ പങ്കജ് മഹാതോ 2812 വരികളിലായി 11427 വാക്കുകൾ കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ സഹനം കവിതയാക്കിയ റെക്കോഡാണ് അൽക്കേജിൻ കവളങ്ങാട് മറികടക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ചെറിയ ജോലി ഉപേക്ഷിച്ചാണ് അല്‍ക്കേജിൻ തന്‍റെ ജീവിത സ്വപ്നമായ കവിത പൂർത്തിയാക്കിയത്.