എറണാകുളം: ഇലന്തൂർ നരബലി കേസിൽ സൈബർ തെളിവുകൾ നിർണായകമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. ഈ തെളിവുകൾ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ട് പോവുകയാണ്. ഷാഫിയുടെ സാമ്പത്തിക വളർച്ചയും ഇടപാടുകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യത്തിൽ കൂടുതൽ പേർ പങ്കാളികളായതിൽ നിലവിൽ തെളിവുകളില്ല. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതുകൊണ്ട് മുൻകാല ചെയ്‌തികളും അന്വേഷിക്കും. കൊച്ചിയിലെ തെളിവെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഒന്നാം പ്രതി ഷാഫിയുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ട്. ഈ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.
ALSO READ | 'സജ്‌ന മോൾ', 'ശ്രീജ' ; ഷാഫിയ്‌ക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ കൂടി, ചാറ്റുകൾ വീണ്ടെടുത്ത് പൊലീസ്
ഇയാളുമായി അടുത്ത ബന്ധമുളള ആളുകളെ ചോദ്യം ചെയ്യും. നേരത്തെ ജയിലിൽ കിടന്ന വേളയിലുള്ള ഷാഫിയുടെ സഹതടവുകാരെ ചോദ്യം ചെയ്യും. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും ഫോണും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഷാഫി നൽകുന്ന മൊഴികൾ പൂർണമായും വിശ്വസിച്ചല്ല അന്വേഷണം മുന്നോട്ടുപോവുന്നത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു കൊച്ചിയില്‍ പറഞ്ഞു.