എറണാകുളം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അധിക ജലം ഒഴുക്കി വിടുന്നതിനായി എറണാകുളത്തെ ഇടമലയാര്‍ ഡാം തുറന്നു. ഇന്ന് (09.08.2022) രാവിലെ പത്ത് മണിക്കാണ് ഡാം തുറന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിലയായ 162.5 മീറ്റര്‍ കടന്നതിന്‍റെ പശ്ചാത്തലത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രണ്ട് ഷട്ടറുകളാണ് തുറന്നത്. നാല് ഷട്ടറുകളുള്ള ഡാമിന്‍റെ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് തുറന്നത്.
50 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിനുള്ളിലൂടെ 67 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. എന്നാല്‍ ഉച്ചയോടെ 100 ക്യുമെക്‌സായി ഉയര്‍ത്തും. ഇടുക്കി ഡാം ഷട്ടര്‍ ഉയര്‍ത്തിയതിന് പിന്നാലെ ഇടമലയാര്‍ കൂടി തുറന്നത് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയായി. എന്നാൽ അപകടകരമായ സാഹചര്യം നിലവില്‍ ഇല്ലെന്നും അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചു.
പ്രളയ സാധ്യത കണക്കിലെടുത്ത് എന്‍.ഡി.ആര്‍.എഫ് സംഘം കഴിഞ്ഞ ദിവസം തന്നെ ജില്ലയില്‍ എത്തിയിരുന്നു. ടീം കമാന്‍ഡ൪ കുല്‍ജേന്ദര്‍ മൗണിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് തിങ്കളാഴ്‌ച(08.08.2022) ഉച്ചയ്‌ക്ക് കാക്കനാട് ജില്ല ഭരണകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. തുടര്‍ന്ന് ജില്ല കലക്‌ടര്‍ ഡോ. രേണു രാജുമായി സംഘം ചർച്ച നടത്തിയിരുന്നു.
ജില്ലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയായിരിക്കും തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കുക. തൃക്കാക്കര യൂത്ത് ഹോസ്റ്റലിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ജില്ലയില്‍ എവിടെയെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാവുന്ന പക്ഷം എന്‍.ഡി.ആര്‍.എഫ് സേനയെ വിന്യസിക്കും.
also read: ഇടുക്കി ഡാം തുറന്നു: പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം