എറണാകുളം: രാജ്യത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥികൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് സംവിധാനങ്ങളും ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളും നടപ്പാക്കിയതായി പ്രഫുല്ല പി. ഛാജദ്. ഐസിഎഐയുടെ ദക്ഷിണേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) പ്രസിഡന്റ് പ്രഫുല്ല പി. ഛാജദ് ഇക്കാര്യം വ്യക്തമാക്കിയത്.
കോർപ്പറേറ്റ് ഭരണം, സാങ്കേതിക ഗവേഷണം, ക്വാളിറ്റി അഷ്വറൻസ് എന്നിവയിൽ സാധ്യമായ സഹകരണം സ്ഥാപിക്കുന്നതിനായി ഐസിഎഐയും കുവൈറ്റ് അക്കൗണ്ടൻസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതായും പ്രഫുല്ല പി. ഛാജദ് വ്യക്തമാക്കി. അക്കൗണ്ടിങ് രംഗത്തെ ലോകവ്യാപക സംഘടനയായ ഇന്‍റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് അക്കൗണ്ടൻസിന്റെ ആഭിമുഖ്യത്തിൽ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന വേൾഡ് കോൺഗ്രസ് ഓഫ് അക്കൗണ്ടൻസ് 2022 ൽ മുംബൈയിൽ നടത്തും. 130 രാജ്യങ്ങളിൽ നിന്ന് ആറായിരത്തോളം പ്രതിനിധികൾ ഈ ആഗോള പരിപാടിയിൽ പങ്കെടുക്കുമെന്നും ഐസിഎഐ പ്രസിഡന്‍റ് കൊച്ചിയിൽ പറഞ്ഞു.