കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊച്ചിയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദേശ വനിതയെ ഐ.ബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടന്ന ലോംഗ് മാർച്ചിലാണ് നോർവെ സ്വദേശിനി ജാനി മെറ്റി ജോൺസ് പങ്കെടുത്തത്.
കഴിഞ്ഞ ആഴ്ചയാണ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളും പങ്കെടുത്ത ലോംഗ് മാർച്ച് കൊച്ചിയിൽ നടന്നത്. ഫേസ്ബുക്കിൽ ഉൾപ്പടെ ലോംഗ് മാർച്ചിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സഹിതമുള്ള കുറിപ്പും ജാനി മെറ്റി ജോൺസ് പങ്കുവെച്ചിരുന്നു. സന്ദർശക വിസയിൽ എത്തിയ യുവതി വിസ ചട്ടങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ വിഭാഗം രാജ്യം വിടാൻ യുവതിയോട് ആവശ്യപ്പെട്ടത്. രാജ്യ താൽപര്യത്തിന് എതിരായി ജാനി മെറ്റി ജോൺസ് പ്രവർത്തിച്ചു എന്നാണ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
തന്‍റെ താമസ സ്ഥലത്തെത്തിയ എഫ്ആർആർഒ ഉദ്യോഗസ്ഥർ തന്നോട് രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ജാനി മെറ്റി ജോൺസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. രാജ്യം വിടാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാൽ കൊച്ചിയിൽ നിന്ന് ദുബായ് വഴി ജന്മദേശത്തേക്ക് ഉടൻ മടങ്ങുമെന്നും ജാനി മെറ്റി ജോൺസ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.