കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് കാണാൻ ഒഴുകിയെത്തിയത് വൻ ജനാവലി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകൾ മരടിലെത്തിയത്. രാവിലെ എട്ട് മണി മുതൽ തന്നെ 200 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ ജനങ്ങളെയും ഒഴിപ്പിച്ച് അപായ സൂചനയെന്ന നിലയിൽ ചുവപ്പ് പതാകകൾ സ്ഥാപിച്ചു. നിശ്ചയിച്ച പരിധിക്കപ്പുറത്തേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ പൊലീസ് വടം കെട്ടി കാവൽ ഏർപ്പെടുത്തിയിരുന്നു.
തേവര - കുണ്ടന്നൂർ പാലത്തിന് സമീപവും കുണ്ടന്നൂർ പുതിയ പാലത്തിലുമായിരുന്നു ജനങ്ങൾ പ്രധാനമായും തമ്പടിച്ചത്. പൊലീസും ജനങ്ങളും തമ്മിൽ പലപ്പോഴും വാക്കേറ്റവുമുണ്ടായി. 11 മണിക്കാണ് ആദ്യസ്ഫോടനം നിശ്ചയിച്ചതെങ്കിലും പതിനേഴ് മിനിറ്റ് താമസിച്ചതോടെ ഏറ്റവും അക്ഷമരായതും ജനങ്ങളായിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഹോളി ഫെയ്ത്ത് നിലം പൊത്തിയതോടെ നിലയ്ക്കാത്ത കരഘോഷവും ആർപ്പുവിളികളുമാണ് ജനങ്ങൾ നടത്തിയത്. ആൽഫാ സെറിനിന്റെ രണ്ട് ഫ്ലാറ്റുകളും വലിയ ശബ്‌ദത്തിൽ പൊട്ടിത്തെറിച്ചതോടെ ജനങ്ങൾ ഒരു നിമിഷം സ്‌തബ്‌ദരായി. പിന്നീടായിരുന്നു ആർപ്പുവിളികൾ ഉയർന്നത്. നാളെ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ കണാനെത്താമെന്ന് തീരുമാനിച്ചാണ് ജനങ്ങൾ മരടിൽ നിന്നും മടങ്ങിയത്. സ്ഫോടനം പൂർത്തിയായതോടെയാണ് ഗതാഗതം പുനരാരംഭിച്ചതെങ്കിലും മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കാണ് കൊച്ചിയിൽ അനുഭവപ്പെട്ടത്.