എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി(Hoax Bomb Threat). രാവിലെ 10.30ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ(Indigo) 6E6482 എന്ന വിമാനത്തിൽ ബോംബ് വച്ചതായി എയർപോർട്ട് സിഐഎസ്എഫ്(CISF) കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഇന്‍റർനെറ്റ് കോൾ വഴിയാണ് അജ്ഞാത ബോംബ് ഭീഷണിയെത്തിയത്.
ഇതേതുടർന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കാനായി റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. തുടർന്ന് വിമാനം ഐസൊലേഷൻ പാർക്കിങ് ബേയിലേക്ക് മാറ്റി. പ്രോട്ടോക്കോൾ അനുസരിച്ച് ബോംബ് ഭീഷണി വിലയിരുത്തൽ കമ്മിറ്റി എയർപോർട്ട് ഡയറക്‌ടറുടെ അധ്യക്ഷതയിൽ ചേരുകയും സിഐഎസ്എഫ് ക്യുആർടി, ബോംബ് സ്ക്വാഡ്, സ്‌റ്റേറ്റ് പൊലീസ്, സിയാൽ(CIAL) ഡിപ്പാർട്ട്‌മെന്‍റ് എആർഎഫ്എഫ് എന്നിവ ഉൾപ്പെടുന്ന സുരക്ഷ വിഭാഗം തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഒരു കുഞ്ഞ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 139 യാത്രക്കാരെയും ഗേറ്റ് നമ്പർ ഏഴിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്ക് മാറ്റുകയും ചെയ്‌തു. ലഗേജ് തിരിച്ച് ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചത്.
സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി ഇൻഡിഗോ വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മറ്റു വിമാനങ്ങളിലും, വിമാനത്താവളത്തിലും സുരക്ഷ പരിശാധനകളും വർധിപ്പിച്ചു. ബോംബ് വച്ചതായുള്ള അജ്ഞാത സന്ദേശത്തെ കുറിച്ച് നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
ബോംബ് ഭീഷണി മുഴക്കി യാത്രക്കാരി(Passenger Hoax Bomb Threat): അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഈ മാസം ഒന്നാം തീയതി വ്യാജ ബോംബ് ഭീഷണി നടത്തിയ യാത്രക്കാരി അറസ്‌റ്റിലായിരുന്നു. അന്ന് തൃശൂർ സ്വദേശിയായ യുവതിയെയാണ് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്.
സംഭവത്തെ തുടര്‍ന്ന് വിമാനത്തിൽ വീണ്ടും സുരക്ഷാപരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ മുംബൈ വിമാനം പുറപ്പെടാൻ വൈകി. ബാഗേജിലെന്താണെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതയായാണ് ബോംബാണെന്ന് യുവതി പറഞ്ഞത്.
യുവതിയുടെ ഭീഷണി ഗൗരവമായി എടുത്താണ് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയും യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്‌തത്. വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു.
വ്യാജ ബോംബ് ഭീഷണി, 55 കാരന്‍ അറസ്‌റ്റില്‍(55 Year Old Men Arrested For Hoax Bomb Threat): ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സമാന സംഭവമുണ്ടായി. തൃക്കാക്കര ഗ്രീൻലാന്‍റ് വിന്‍റർ ഹോംസ് വില്ല നമ്പർ ഒന്നിൽ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി മലക്കപ്പുഴ മടത്തിപറമ്പിൽ വീട്ടിൽ സാബു വർഗീസാണ് (55) ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തിന് പിന്നാലെ നെടുമ്പാശ്ശേരി പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു.
ദുബായിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ വര്‍ഗീസ് സുരക്ഷ പരിശോധനയ്ക്കിടെയാണ് ബോംബ് ഭീഷണി മുഴക്കിയത്. എയർപോർട്ടിൽ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് ജീവനക്കാരോട് അതിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു. പരിശോധനകൾക്ക് വേണ്ടി കൂടുതൽ സമയം കാത്തിരുന്നതിലുള്ള അമർഷമാണ് ഭീഷണിക്ക് കാരണമെന്നാണ് അറസ്‌റ്റിലായ വര്‍ഗീസ് പൊലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് വര്‍ഗീസിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. തുടർച്ചയായുള്ള വ്യാജ ബോംബ് ഭീഷണി ജനങ്ങളിൽ പരിഭ്രാന്തി പടർത്തുകയും, വിമാനത്താവളത്തിന്‍റെ സുഖമമായ പ്രവർത്തനത്തെയും ബാധിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാർ വ്യാജ ഭീഷണിക്കാരെ നേരിടാൻ കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം