എറണാകുളം: ഇബ്രാഹിംകുഞ്ഞ് എംഎൽഎക്ക് ഹൈക്കോടതിയുടെ വിമർശനം. ഗുരുതര രോഗം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടികാണിച്ചു. കോടതിയെ കബളിപ്പിച്ചാണോ ജാമ്യം നേടിയതെന്ന് സംശയമുണ്ട്. ഗുരുതരമായ രോഗം ചൂണ്ടിക്കാണിച്ച് ജാമ്യം നേടിയ വ്യക്തി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഇബ്രാഹിംകുഞ്ഞിൻ്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇളവ് നൽകരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നത് കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമെന്നും സർക്കാർ വാദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ ആവശ്യം.
സംസ്ഥാനത്തെ വിവിധ പള്ളികളിൽ പ്രാർഥനകളിൽ പങ്കെടുക്കണം, അടുത്ത ജില്ലകളിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. നേരത്തെയുള്ള ജാമ്യ വ്യവസ്ഥ ഇബ്രാഹിംകുഞ്ഞ് ലംഘിച്ചുവെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കോടതിയുടെ വിമർശനത്തെ തുടർന്ന് ഹർജി ഇബ്രാഹിംകുഞ്ഞ് സ്വമേധയാ പിൻവലിച്ചു.