എറണാകുളം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സിമാരുടെ ഹർജികളിൽ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. വി.സി നിയമനത്തിൽ ക്രമക്കേട് ഉണ്ടായാൽ ചാൻസലറായ ഗവർണർ കണ്ടില്ലായെന്ന് നടിക്കണോയെന്നും കോടതി ചോദിച്ചു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ ഹർജികളിൽ ഹൈക്കോടതി നിരവധി ചോദ്യങ്ങളാണ് വിസിമാർക്ക് നേരെ ഉന്നയിച്ചത്.
നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ ചാൻസലർ കണ്ടില്ലായെന്ന് നടിക്കണോ, വി.സി നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ നിയമനം നിലനിൽക്കുമോ എന്നും കോടതി ചോദിച്ചു. അതേസമയം, നോട്ടീസിനുമേൽ മറുപടി നൽകാനായി വിസിമാർക്ക് തിങ്കളാഴ്ച്ച വരെ കോടതി സമയം നീട്ടി നൽകി. രാജി വയ്ക്കാനാവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസ് കോടതി നേരത്തെ അസാധുവാക്കിയതാണെന്നും രാജി നോട്ടീസിനു തുടർച്ചയെന്നോണം നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിലനിൽക്കില്ലെന്നായിരുന്നു വി.സി മാരുടെ വാദം.
നിയമനത്തിൽ തെറ്റുണ്ടെങ്കിൽ പോലും ഗവർണർക്ക് നടപടി എടുക്കാനാകില്ലെന്ന വാദവും വിസിമാർ ഉയർത്തി. എന്നാൽ, കാരണം കാണിക്കൽ നോട്ടീസിനുമോല്‍ മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിച്ചെങ്കിലും നേരിട്ട് വിശദീകരണം നൽകാൻ തിങ്കളാഴ്ച്ച വരെ വി.സി മാർക്ക് സമയം കൊടുത്തതായും ഗവർണർ കോടതിയെ അറിയിച്ചിരുന്നു. എതിർ വാദങ്ങളടക്കമുള്ള കാര്യകാരണങ്ങൾ വിസിമാർ ചാൻസലറോട് നേരിട്ട് അവതരിപ്പിക്കാനും കോടതി പറഞ്ഞു.
അതിനിടെ ചാൻസലറുടെ മഹത്വം താഴ്ത്തിക്കെട്ടരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു. ഹർജികളിന്‍മേല്‍ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഗവർണർ സാവകാശം തേടിയിട്ടുണ്ട്. തുടർന്ന് വിസിമാരുടെ ഹർജികൾ ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.