എറണാകുളം: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജഡ്‌ജി ഹണി എം.വർഗീസിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണങ്ങളിന്മേൽ കഴമ്പില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
ഇതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്നെ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടരും. ഹർജി തള്ളിയ വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അതിജീവിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അതംഗീകരിച്ചില്ല. അത്തരം കീഴ്വഴക്കമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി.
ജഡ്‌ജിയുടെ ഭര്‍ത്താവും ദിലീപും തമ്മിലുള്ള ബന്ധം: ജഡ്‌ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭ്യമാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ ഹർജി. കേസിലെ പ്രതിയായ നടൻ ദിലീപും ജഡ്‌ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്നും ഇത് നീതിപൂർവമായ വിചാരണയ്ക്ക് തടസമാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ ജഡ്‌ജി ഹണി. എം. വർഗീസായിരുന്നു നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടത്തിയിരുന്നത്.
അതിനിടെ സി.ബി.ഐ കോടതിയ്ക്ക് പുതിയ ജഡ്‌ജിയെ നിയമിക്കുകയും ഹണി എം. വർഗീസിനെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കും മാറ്റി. തുടർന്ന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഭരണനിർവഹണ വിഭാഗം ഇറക്കിയ ഉത്തരവ് നിലനിൽക്കില്ലെന്നായിരുന്നു അതിജീവിതയുടെ വാദം.