എറണാകുളം: കെ.എസ്.ആർ ടി.സി ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ സി.എം.ഡിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കെ.എസ്.ആർ ടി.സി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ശമ്പളം നൽകുമെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തന്നെ കഴിഞ്ഞയാഴ്‌ച കോടതിയിൽ ഉറപ്പു നൽകുകയും ചെയ്‌തിരുന്നു.
എന്നാൽ ഇന്ന് (11-08-2022) സിംഗിൾ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കവെ കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് ജീവനക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സി.എം.ഡിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഓഗസ്‌റ്റ് 17 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
അന്നും ശമ്പളം നൽകിയില്ലായെന്ന മറുപടിയാണെങ്കിൽ സി.എം.ഡിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കെ.എസ്.ആർ ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ ജീവനക്കാർ സമർപ്പിച്ച ഹർജിയും കോടതി ഈ മാസം 17 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. കെ.എസ്. ആർ.ടി.സി നിവർന്ന് നിൽക്കുന്നതു വരെ ഡ്യൂട്ടി പരിഷ്‌കരണവുമായി ജീവനക്കാർ സഹകരിക്കണമെന്നാണ് കോടതിയുടെ നിലപാട്.