എറണാകുളം : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കലാപശ്രമം ചൂണ്ടിക്കാട്ടി ലഭിച്ച വിവിധ പരാതികളിൽ പാലക്കാട്ടും തിരുവനന്തപുരത്തും സ്വപ്‌ന സുരേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജികളാണ് ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയതിന്‍റെ പ്രതികാര നടപടിയുടെ ഭാഗമായാണ് കേസെന്നാണ് ഹർജികളിൽ സ്വപ്‌നയുടെ വാദം. കൂടാതെ ഗൂഢാലോചനയോ കലാപശ്രമമോ ഉണ്ടായിട്ടില്ലെന്നും വാദമുണ്ട്. മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിലായിരുന്നു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സി.പി.എം നേതാവ് അഡ്വ.സി.പി പ്രമോദ് നൽകിയ പരാതിയിലായിരുന്നു പാലക്കാട്ടെ കേസ്.
അതേസമയം കെ.ടി. ജലീലിന്‍റെ പരാതിയിന്‍മേലെടുത്ത ഗൂഢാലോചനക്കേസിൽ സ്വപ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് വെളിയാഴ്‌ച പരിഗണിക്കും. ഇന്ന് (28.06.2022) ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് തടയണമെന്ന് സ്വപ്ന ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ പുതുതായി വ്യാജരേഖ ചമയ്ക്കലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലായിരുന്നു സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.