എറണാകുളം: കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്‍റെ വിശദീകരണം തേടി. പണം കൊടുത്ത് വാക്‌സിൻ എടുക്കുമ്പോൾ ലഭിക്കുന്നത് സ്വകാര്യ രേഖയാണ്. ഇത്തരമൊരു രേഖയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലന്നാണ് ഹർജിക്കാരന്‍റെ വാദം.
രാഷ്ട്രീയ നേട്ടത്തിനായി കൊവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി പ്രചാരണം നടത്തുന്നത് നിയമ വിരുദ്ധമാണ്. പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടാത്തവർക്ക് അതില്ലാതെ വാക്‌സിൻ സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയും വിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്താൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.
ALSO READ: ബെന്യാമിന്‍റെ 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'ക്ക് വയലാർ അവാര്‍ഡ്
സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം കൊടുത്ത് വാക്‌സിൻ സ്വീകരിച്ച തനിക്ക് പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നൽകിയത് തന്‍റെ മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്ററാണ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.