എറണാകുളം: ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യെപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നിർദേശം. കെ.ടി ജലീലിന്‍റെ പരാതിയിന്മേൽ കന്‍റോൺമെന്‍റ് പൊലീസാണ് ഗൂഢാലോചന കേസ് എടുത്തത്.
യു.എ.ഇ കോൺസുൽ ജനറലുമായി ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നിരവധി തവണ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. മുഖ്യമന്ത്രിയെക്കൂടാതെ ഭാര്യ കമല, മകൾ വീണ, ഐഎഎസ് ഓഫിസർമാരായ നളിനി നെറ്റോ, ശിവശങ്കർ, മുൻ മന്ത്രി കെ.ടി ജലീൽ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ എന്നിവരും സ്വർണ കള്ളക്കടത്തിൽ പങ്കാളികളായിട്ടുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സ്വപ്‌നയുടെ ഹർജി.
കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കോടതിയിൽ രഹസ്യമൊഴി നൽകിയതിലുള്ള വിരോധം ആണ് കേസിനു പിന്നിലെന്നും ഹർജിയിൽ സ്വപ്‌ന വ്യക്തമാക്കിയിരുന്നു. രഹസ്യമൊഴിയിലെ വസ്‌തുതകൾ പുറത്ത് വരുന്നത് തടയുന്നതിനാണ് കേസ് കെട്ടിച്ചമച്ചത്. പൊലീസും ഗൂഡലോചനയുടെ ഭാഗമാണ്.
കൂടാതെ കേസിനാസ്‌പദമായ കുറ്റകൃത്യങ്ങൾ നടക്കുകയോ, കലാപശ്രമങ്ങൾ ഉണ്ടാക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് ഹർജിയിലെ വാദങ്ങൾ. ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.