എറണാകുളം: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആർടി ലാബ് ഉടമകൾക്ക് തിരിച്ചടി. സർക്കാർ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ലാബുടമകളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. 1750 രൂപയായിരുന്ന പരിശോധനാനിരക്ക് 500 രൂപയാക്കിയതിനെതിരായ ലാബ് ഉടമകളുടെ ഹർജിയാണ് കോടതി തള്ളിയത്. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ലാബ് ഉടമകളുടെ ആവശ്യം. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകൾ ഈടാക്കിയിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ പരമാവധി അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്. പത്ത് ലാബുകൾ മാത്രമാണ് നിരക്ക് വർധന ചോദ്യം ചെയ്‌തിട്ടുള്ളതെന്നും സർക്കാർ ചൂണ്ടികാണിച്ചു. വീടുകളിൽ നേരിട്ടെത്തി ആർടിപിസിആർ പരിശോധന നടത്തുന്നതിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. മാർക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനക്ക് 135 മുതൽ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും കോടതി വിലയിരുത്തി. ലാബുകളിലെ പരിശോധന നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അവകാശമില്ലെന്ന ലാബ് ഉടമകളുടെ വാദം കോടതി പരിഗണിച്ചില്ല. സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു.
Read more: കൊവിഡ് പരിശോധന നിരക്ക് കുറയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് സ്വകാര്യ ലാബുകൾ