എറണാകുളം : വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നും ഉത്തരവിൽ ഉണ്ട്. സ്ഥിരമോ താത്‌കാലികമോ ആയ നിർമ്മിതികൾ മൈതാനിയിൽ ഉണ്ടാകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
ക്ഷേത്ര മൈതാനത്ത് സംഗീത പരിപാടികൾ, ഷോപ്പിങ്ങ് ഫെസ്റ്റിവലുകൾ എന്നിവ നടത്തുന്നതും കോടതി വിലക്കി. രാഷ്‌ട്രീയ പാർട്ടികളുടെയും ഇതര സംഘടനകളുടെയും കൊടിമരങ്ങൾ, തോരണങ്ങൾ, പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
also read : വീണ്ടും നാടകം, കർണാടക മുഖ്യനില്‍ തീരുമാനം ആയില്ലെന്ന് കോൺഗ്രസ്, എല്ലാം രണ്ട് ദിവസത്തിനകമെന്നും വിശദീകരണം
ഹർജിക്കാരനായ കെ ബി സുമോദ് കോടതിയിൽ സമർപ്പിച്ച വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കോടതി വിശദമായി പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറി, ജില്ല കലക്‌ടർ, പൊലീസ് കമ്മിഷണർ, കൊച്ചിൻ ദേവസ്വം ബോർഡ്, തൃശൂർ കോർപ്പറേഷൻ എന്നിവരെ എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ക്ഷേത്ര ഭരണ സമിതികളിൽ പാർട്ടി പ്രവർത്തകർ വേണ്ട : ഫെബ്രുവരിയിൽ ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിന് എതിരായ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. ഡിവൈഎഫ്‌ഐ രാഷ്‌ട്രീയ സംഘടനയല്ലെന്ന വാദം തള്ളിക്കൊണ്ടായിരുന്നു പാരമ്പര്യേതര ട്രസ്‌റ്റിമാരായി സജീവ രാഷ്‌ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്ന കോടതി ഉത്തരവ്.