എറണാകുളം:കേരളത്തിലെ നിലവിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം..
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്‌ക്കണമെന്ന ആവശ്യത്തിന് വളരെ പ്രാധാന്യമുണ്ട്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകളുമായി ചർച്ച ചെയ്‌ത് സർക്കാർ ഈ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്‌റ്റിസ് എം.ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. സ്വകാര്യ ആശുപത്രികളിലെ ചിക്തസാ നിരക്ക് എങ്ങിനെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാനാവില്ല. എന്നാൽ ഈ കാര്യത്തിൽ ശാസ്‌ത്രീയമായ വസ്‌തുതകൾ പരിഗണിച്ച് ചികിത്സാ നിരക്ക് കുറയ്‌ക്കാൻ സർക്കാരിന് കഴിയും. നിയമപരമായും നടപടി ക്രമങ്ങൾ പാലിച്ചും സർക്കാരിന് തീരുമാനമെടുക്കാൻ കഴിയും. സർക്കാർ പരിശോധന നടത്തി ഉചിതമായ തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു.
അതേ സമയം കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്കുകൾ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ഹർജി പൊതു താത്‌പര്യം പ്രകടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജി അടുത്ത മാസം നാലിന് പരിഗണിക്കാനായി മാറ്റി. പെരുമ്പാവൂരിലെ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്‍റെ ഭാരവാഹി അഡ്വ. സാബു. പി. ജോസഫാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.