എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ തുടർ നടപടികൾ അവസാനിപ്പിക്കാമെന്ന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം തനിക്കെതിരെ തെളിവില്ലാത്തതിനാൽ കേസ് റദ്ദാക്കണമെന്ന് പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂർ ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി അടുത്ത തിങ്കളാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഹൈക്കോടതി വിധി അനുകൂലം ആക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടു കൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി എന്നതാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈബിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവുമാണ് സൈബിയ്‌ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
Also Read: ജഡ്ജിമാരുടെ പേരില്‍ കോഴ: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ഹൈക്കോടതി കോഴ വിവാദം: കേസുകളിൽ മുൻകൂർ ജാമ്യവും അനുകൂല വിധിയും വാങ്ങി നൽകുമെന്ന് പറഞ്ഞ് കക്ഷികളുടെ കൈയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന ഗുരുതര ആരോപണമാണ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ നേരിടുന്നത്. ഇത്തരത്തിൽ സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
സൈബിക്ക് എതിരായി നാല് അഭിഭാഷകർ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ സൈബി വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസിന്‍റെ വാദം. അതേസമയം ജഡ്‌ജിക്ക് കൊടുക്കാൻ എന്ന നിലയിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, കക്ഷികളുടെ കയ്യിൽ നിന്ന് വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണതെന്നുമാണ് ഹൈക്കോടതി വിജിലൻസിന് മുൻപാകെ സൈബി ജോസ് മൊഴി നൽകിയത്.
അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ കോടതിയിൽ: അതേസമയം ഹൈക്കോടതി ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് സൈബി ജോസ് കിടങ്ങൂർ വൻ തുക വാങ്ങിയെന്ന കേസിലെ പൊലീസ് അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ കോടതിയിൽ കൈമാറിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്ന ഈ ഘട്ടത്തിൽ കോടതി നേരിട്ട് അന്വേഷണം വിലയിരുത്തുകയായിരുന്നു.
ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹർജി ഏപ്രിൽ നാലിന് പരിഗണിക്കാനായി മാറ്റി വയ്‌ക്കുകയും അന്വേഷണം നടക്കട്ടെ എന്ന് വാക്കാൽ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു. ഇതേസമയം സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നാൾ മുതല്‍ ആരോപണങ്ങൾ നേരിടുന്നതായി പറയുന്ന രാജിക്കത്ത് സെക്രട്ടറിക്ക് നൽകുകയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്‌തു.
Also Read: ജഡ്‌ജിമാരുടെ പേരിൽ കോഴ: അന്വേഷണം വൈകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കോടതി