എറണാകുളം: വിരമിച്ച കെഎസ്‌ആർടിസി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. വിരമിച്ച കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യ വിതരണത്തിൽ കാലതാമസം പാടില്ലെന്നാണ് ഹൈക്കോടതിയുടെ കർശന നിലപാട്. വിരമിച്ച ജീവനക്കാരും മനുഷ്യരാണെന്ന കാര്യം മറക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു.
കൂടാതെ വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ടെ സാവകാശം തേടാവൂ എന്നും കെഎസ്‌ആർടിസിയോട് കോടതി വ്യക്തമാക്കി. ആറ് മാസം വേണമെങ്കിൽ അനുവദിക്കാമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
മാസാമാസം കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവയ്‌ക്കാതെ വേറെ നിവൃത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അനുകൂല വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള വിശദമായ പ്രപ്പോസൽ സമർപ്പിക്കാനും നിർദേശിച്ചു. പെൻഷൻ ആനുകൂല്യം നാല് മാസത്തിനകം വിതരണം ചെയ്യണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെഎസ്‌ആർടിസി നൽകിയ പുനഃപരിശോധന ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. നാല് മാസത്തിനകം ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഹർജി ഹൈക്കോടതി ഫെബ്രുവരി 12 ന് വീണ്ടും പരിഗണിക്കും. ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം വേണമെന്നതടക്കം കെഎസ്‌ആർടിസി സമർപ്പിച്ച സ്‌കീം നേരത്തെ കോടതി തള്ളിയിരുന്നു.