എറണാകുളം : മാധ്യമപ്രവർത്തകർക്ക് നേരെയുള്ള പ്രതികാര നടപടിയിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതിയല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കാനാകുമെന്ന് കോടതി ചോദിച്ചു. പൊലീസ് അതിക്രമം ചോദ്യം ചെയ്‌ത് പത്തനംതിട്ട സ്വദേശിയും മാധ്യമ പ്രവർത്തകനുമായ ജി വിശാഖന്‍ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു പൊലീസിനുനേരെ ഹൈക്കോടതിയുടെ വിമർശനം.
മാധ്യമ പ്രവർത്തകന്‍റെ മൊബൈൽഫോൺ പിടിച്ചെടുത്തതിന്‍റെ സാഹചര്യം വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പൊലീസിന് കോടതി നിർദേശം നല്‍കി. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ് എന്ന് ഓർമിപ്പിച്ച ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ കേസിൽ പ്രതിയല്ലാത്ത ഹർജിക്കാരന്‍റെ മൊബൈൽ ഫോണ്‍ ഉള്‍പ്പടെ പിടിച്ചെടുത്ത പൊലീസ് നടപടി ചോദ്യം ചെയ്‌തു.
ഹർജിക്കാരൻ മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് അക്കാര്യം മനസിലായേനേ. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി.
അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്‌റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുതെന്ന് ഓർമിപ്പിച്ച കോടതി എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോയെന്നും പരിഹാസ രൂപേണ ചോദിച്ചു. കൂടാതെ, ഷാജൻ സ്‌കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്‌ചയാണെന്നും അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.
ഷാജൻ സ്‌കറിയയുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹർജിക്കാരനുൾപ്പടെയുള്ള മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്‌ഡ് നടത്തി ഫോണുകളടക്കം പിടിച്ചെടുത്തത്.
ഷാജൻ സ്‌കറിയക്കായി തെരച്ചിൽ: സെൻട്രൽ എസി പി ജയകുമാറിന്‍റെ നേതൃത്വത്തിൽ ഈ മാസം ആദ്യം മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്‍റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്‌ഡ് നടത്തിയിരുന്നു. എറണാകുളം മരോട്ടി ചോട്ടിലെ ഓഫിസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലുമായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഓഫിസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തു. എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനും, പിവി ശ്രീനിജൻ എംഎൽഎയ്ക്ക് എതിരായ വ്യാജ വാർത്തയുടെ ഉറവിടം തിരിച്ചറിയാനുമായാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ നൽകിയ പരാതിയിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ എളമക്കര പൊലീസാണ് കേസെടുത്തത്. എംഎൽഎക്കെതിരെ വ്യാജവാർത്ത നൽകിയതിലും പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ജില്ല കോടതിയും, ഹൈക്കോടതിയും തള്ളുകയായിരുന്നു.
ഇതോടെ ഷാജൻ സ്‌കറിയ രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് വിവരം നൽകുകയും ചെയ്‌തു. സംസ്ഥാന വ്യാപകമായി ഷാജൻ സ്‌കറിയക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയത്.