എറണാകുളം : കെ റെയിൽ പദ്ധതിയിൽ സർക്കാരിനോട് ചോദ്യങ്ങളുയർത്തി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണം. ഈ പദ്ധതിയിൽ കേന്ദ്രത്തിന് താത്‌പര്യമില്ലെന്ന് അറിയിച്ചുകഴിഞ്ഞു. പദ്ധതിയുടെ പേരിൽ ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 26) ചോദിച്ചു.
വളരെയധികം പണം പദ്ധതിയ്ക്കായി ചെലവഴിച്ചു. ഇപ്പോൾ ഈ പദ്ധതി എവിടെയെത്തി നിൽക്കുന്നുവെന്നും കോടതി ചോദിച്ചു. കെ റെയിൽ സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി തിരിഞ്ഞത്.
പദ്ധതിയുടെ പേരിൽ സർക്കാർ നാടകം കളിക്കുകയാണ്. ഒരു പേര് വിളിച്ചാൽ പദ്ധതിയാകുമോ. സാമൂഹികാഘാത പഠനം സംബന്ധിച്ച വിജ്ഞാപനത്തിന്‍റെ കാലാവധി അവസാനിച്ചു. പദ്ധതിയുടെ പാരിസ്ഥിതികാഘാതം എത്രത്തോളം ഉണ്ടെന്നറിയണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
'മഞ്ഞക്കല്ലി'നെതിരെ പരിഹാസം : കെ റെയിലിനായി കല്ലുകൾ സ്ഥാപിച്ചതിനെയും ഹൈക്കോടതി പരിഹസിച്ചു. മഞ്ഞക്കല്ലുമായി രാവിലെയാകുമ്പോൾ വീടിന് മുന്‍പിലേക്ക് ആരൊക്കെയോ കയറി വരും. ഇതൊക്കെ എന്തിനാണെന്ന് ആർക്കുമറിയില്ലെന്നായിരുന്നു പരിഹാസം. അതേസമയം പദ്ധതി കേന്ദ്രം ആദ്യം അംഗീകരിക്കട്ടേയെന്നാണ് കോടതിയുടെ നിലപാട്.
ശരിയായ രീതിയിൽ മാത്രമേ കെ റെയിൽ പദ്ധതി നടത്താൻ കഴിയൂ. അക്കാര്യം കോടതി ഉറപ്പുവരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാരിനെ ഓർമിപ്പിച്ചു. അതിനിടെ, കെ റെയിൽ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാരും ആവർത്തിച്ചു. എന്നാൽ, മറ്റ് കേസുകളൊക്കെ പിൻവലിക്കാൻ സുപ്രീം കോടതി വരെ പോയിരുന്നല്ലോയെന്ന് കോടതി തിരിച്ചുചോദിച്ചു.
കേസുകൾ പിൻവലിച്ചാൽ പകുതി പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. പദ്ധതി സംബന്ധിച്ച രേഖകൾ കെ റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അലൈൻമെന്‍റ്, ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കെആര്‍ഡിസിഎല്ലിന് നൽകിയിട്ടില്ലെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.