എറണാകുളം: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി. ഇത്തരം ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം. കുട്ടിയുടെ ജീവന് ഭീഷണി ആകുന്നുവെങ്കില്‍ മാത്രമേ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാവൂ എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഏഴ് വയസുകാരിയുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയുള്ള മാതാപിതാക്കളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. അനുവാദമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്‍റെയും സ്വകാര്യതയുടെയും ലംഘനമാണ്.
കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് ഇത് വഴി വച്ചേക്കും. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സർക്കാർ മൂന്നുമാസത്തിനുള്ളിൽ നിയമം കൊണ്ടുവരണമെന്നും ജസ്‌റ്റിസ് വി ജി അരുൺ ഉത്തരവിട്ടു. നിലവിൽ ഇത്തരം അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാനതല മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിക്ക് രൂപം നൽകണം.
സൈക്കോളജിസ്‌റ്റ്, പീഡിയാട്രിക് സർജൻ എന്നിവരെയടക്കം ഉൾപ്പെടുത്തിയാവണം സമിതി. കുട്ടിയുടെ ജീവന് ഭീഷണി ആകുന്നു എങ്കിൽ മാത്രം ശസ്ത്രക്രിയയ്ക്ക് അനുമതി കൊടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ അപേക്ഷയിൽ രണ്ടുമാസത്തിനുള്ളിൽ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കല്ല്യാണം രജിസ്‌റ്റര്‍ ചെയ്യാന്‍ അനുമതി തേടി: അതേസമയം, ഇക്കഴിഞ്ഞ ജൂലൈ 13ന് ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ യുവതി കല്യാണം രജിസ്‌റ്റര്‍ ചെയ്യാന്‍ അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ബറേലിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സര്‍ക്കാര്‍ അഭിഭാഷകരോട് നിയമോപദേശം തേടിയിട്ടുണ്ട്.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു കേസ് ഞങ്ങള്‍ക്ക് മുന്നില്‍ വരുന്നതെന്നും വിശദമായി പഠനം നടത്തിയതിന് ശേഷം മാത്രമേ കേസില്‍ വിധി പറയുകയുള്ളൂവെന്നും ജസ്‌റ്റിസ് പ്രത്യുഷ് പാണ്ഡെ പറഞ്ഞു. ബദൗണ്‍ സ്വദേശിയും ബറേലി സ്വദേശിയുമായ ഇരുവരും സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ്. കമ്പനിയില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെട്ടത്.
എല്ലാ ദിവസവും ജോലിക്കിടെ കണ്ടുമുട്ടുന്ന ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ട് പേരും കുടുംബത്തോട് വിവരം പറഞ്ഞെങ്കിലും ആ ബന്ധത്തെ കുടുംബം നിരസിച്ചിരുന്നു. ഇതോടെ കുടുംബങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് യുവതികളിലൊരാള്‍ ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയമാകാന്‍ തീരുമാനിച്ചത്. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇരുവരും അപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കാമുകിക്കായി ലിംഗമാറ്റം നടത്തി, ഒടുവില്‍ : നേരത്തെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ സമാനമായ സംഭവമുണ്ടായി. പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായി കൂട്ടുകാരി ലിംഗമാറ്റം നടത്തിയതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സുഹൃത്ത് വിവാഹത്തിന് വിസമ്മതിച്ചെന്നും മറ്റൊരാളുമായി പ്രണയത്തിലായെന്നുമായിരുന്നു പരാതി.