എറണാകുളം: ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി (high court about charge sheet for minor cases). വസ്‌തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം സാമാന്യ ബോധം ഉപയോഗിച്ച് ഇക്കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കണം. പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി. (High court asks police to check if charge sheet is required for minor case).
പൊതുമുതൽ നശിപ്പിച്ചതിനെടുത്ത കേസിന്‍റെ കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 2015ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിപ്പിച്ച് കെ എസ് ഇ ബിക്ക് 63 രൂപ നഷ്‌ടമുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു കേസ്.
ഇത്തരം ചെറിയ കേസുകളിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് സാമാന്യ ബോധം പൊലീസ് പ്രയോഗിക്കണം. ശാസനയിൽ ഒതുക്കേണ്ട കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികളുടെ സമയം പാഴാക്കുകയും അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകേണ്ടതാണ് എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.
ഉത്തരവിന്‍റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറാനും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ സ്വദേശിയ്‌ക്കെതിരായ അഡീഷണൽ സെഷൻസ് കോടതിയുടെ കീഴിലുള്ള കേസിന്മേലുള്ള നടപടികളും ഹൈക്കോടതി റദ്ദാക്കി.
കെടിഡിഎഫ്‌സിയ്‌ക്ക് ഹൈക്കോടതിയുടെ വിമർശനം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്‍റ് ഫിനാൻസ് കോർപ്പേറേഷന് (കെടിഡിഎഫ്‌സിയ്‌ക്ക്) ഹൈക്കോടതിയുടെ വിമർശനം നേരിട്ടിരുന്നു (High court criticize KTDFC). പണം നിക്ഷേപകർക്ക് തിരികെ നല്‍കാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്‌തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് (Justice Devan Ramachandran) വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. സർക്കാർ ഗ്യാരന്‍റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
സർക്കാർ ഗ്യാരന്‍റിയിൽ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാത്തതോടെയാണ് കെടിഡിഎഫ്‌സിയ്‌ക്കെതിരെ നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചത്. നിക്ഷേപകർക്ക് എന്തുകൊണ്ടാണ് പണം നല്‍കാത്തത് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിഷയത്തിൽ സർക്കാരിനോടും ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു.
32 ലക്ഷത്തിലധികം രൂപയാണ് കെടിഡിഎഫ്‌സി തിരികെ നൽകാനുള്ളത്. നാല് നിക്ഷേപങ്ങളിലായി സ്വീകരിച്ച പണം തിരികെ നൽകാനുള്ള കാലാവധി ജൂൺ, ജൂലൈ മാസങ്ങളിൽ പൂർത്തിയായി. പല തവണ പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് കെടിഡിഎഫ്‌സി അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.