എറണാകുളം: കൊച്ചി തീരത്ത് ഇറാനിയൻ ബോട്ടിൽ 200 കിലോ ഹെറോയിനുമായി ആറ് വിദേശ പൗരന്മാരെ നാവിക സേന പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പിടിയാലായവർ ഇറാന്‍, പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് നാവികസേന പ്രതികളെ എൻസിബിയ്‌ക്ക് കൈമാറിയത്.
അഫ്‌ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് ലഹരി മരുന്ന് കടത്തിയത്. നിരോധിത മയക്കുമരുന്ന് ശ്രിലങ്കയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് പ്രതികൾ നൽകിയ വിവരം. എന്നാൽ എൻസിബി ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
പ്രതികൾക്ക് മയക്കുമരുന്ന് ഇന്ത്യയിൽ എത്തിക്കുകയായിരുന്നോ ലക്ഷ്യമെന്നും അന്വേഷിച്ചു വരികയാണ്. വിശദമായ അന്വേഷണത്തിനായി എൻസിബിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് കൊച്ചിയിലെത്തും. മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻസിബി ഇന്ന് വൈകുന്നേരം വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്ത് വിടും.
അതേസമയം, മതിയായ യാത്ര രേഖകളില്ലാതെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പ്രതികളെ കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യും. നാവികസേന കൊച്ചി തീരത്തിന് സമീപം പുറംകടലില്‍ വ്യാഴാഴ്‌ച നടത്തിയ പരിശോധനയിലായിരുന്നു സംശയകരമായ നിലയിൽ ഒരു ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്നവർക്ക് മതിയായ യാത്ര രേഖകൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ബോട്ട് പിടിച്ചെടുത്ത് പരിശോധന നടത്തിയത്.
വിശദമായ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇത് കോടി കണക്കിന്
രൂപയുടെ ഹെറോയിന്‍ ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ബോട്ടിലുണ്ടായിരുന്നവരെയും ബോട്ടും കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചത്.
Also read: കൊച്ചി തീരത്ത് വൻ ലഹരിവേട്ട ; 200 കോടി വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് വിദേശികൾ പിടിയിൽ