എറണാകുളം: വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ ആയുർവേദ ഡോക്ടർക്ക് കൊവിഡ് കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വാരപ്പെട്ടിയിലും, കോതമംഗലത്തും ആന്‍റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കൊവിഡ് 19 - കോതമംഗലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ക്വാറന്‍റൈൻ ഉറപ്പ് വരുത്തുവാനും തീരുമാനിച്ചു.അതോടൊപ്പം ഇവർ പോയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും ഷോപ്പുകളും താൽകാലികമായി അടച്ചിടുവാൻ നിർദ്ദേശം നൽകി. ഇവരുടെ സമ്പർക്ക പട്ടികയിൽ അറുന്നൂറോളം പേരാണ് ഉള്ളത്.
കോതമംഗലം താലൂക്കിലെ വിവിധ പ്രദേങ്ങളിൽ നിന്നുള്ളവരായതിനാൽ എല്ലാ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി.പ്രസ്തുത പ്രദേശങ്ങളിൽ ജനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസിന്‍റെയും, ആരോഗ്യ പ്രവർത്തകരുടേയും കർശന പരിശോധന ഏർപ്പെടുത്തുവാനും തീരുമാനിച്ചു. കോതമംഗലം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ എന്ന രീതിയിലും, വാരപ്പെട്ടി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ എന്ന രീതിയിലും സമയ ക്രമീകരണം ഏർപ്പെടുത്തുവാനും, ഞായറഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുവാനും തീരുമാനിച്ചു.
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.അവലോകന യോഗങ്ങളിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമല മോഹനൻ, വൈസ് ചെയർമാൻ എ ജി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: എൻ യു അഞ്ജലി, തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, വാരപ്പെട്ടി മെഡിക്കൽ ഓഫീസർ മാത്യു എം ജോസ്, കോതമംഗലം എസ് ഐ ജോയി ഇ പി, മുൻസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ വിജയ പ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയപ്രകാശ് എം എസ്,ഷാജി റ്റി എം തുടങ്ങിയവർ പങ്കെടുത്തു.