എറണാകുളം: ജില്ലയിലെ കിഴക്കൻ മേഖലയായ മലയോര പ്രദേശങ്ങളിലും തീരദേശമേഖലയിലും മഴ ശക്തമായി. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.തീരദേശ മേഖലയായ ചെല്ലാനത്ത് വീണ്ടും കടലാക്രമണം രൂക്ഷമായി. ഇതിനു പുറമെ ബസാർ, മാലാഖപ്പടി, ചാളക്കടവ് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ വീടുകൾ വെള്ളത്തിൽ മുങ്ങി.
ചെല്ലാനം പഞ്ചായത്തിൽ കടലേറ്റത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ചെല്ലാനം സെന്‍റ് മേരിസ് സ്കൂൾ, കണ്ടക്കടവ് സെന്‍റ് സേവ്യേഴ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്. സെന്‍റ് മേരീസ് സ്കൂളിലെ ക്യാമ്പിൽ നിലവിൽ ആരും എത്തിയിട്ടില്ല. സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ ക്യാമ്പിലേക്ക് ആളുകൾ എത്തിത്തുടങ്ങി. നിലവില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലസ്റ്ററായി മാറ്റിയ മേഖല കൂടിയാണിത്. കൊവിഡിനോടൊപ്പം കടലേറ്റവും രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. മൂവാറ്റുപുഴ,മലങ്കര അണക്കെട്ട് തുറന്നുവിട്ടതിനാല്‍ വെളളമെത്തുന്ന തൊടുപുഴ, കാളിയാര്‍, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍കുട്ടിയില്‍ നിന്നും 800 ക്യുമെക്സും ലോവര്‍പെരിയാര്‍ ഡാമില്‍ നിന്നും 1200 ക്യുമെക്സ് വെളളവുമാണ് തുറന്നുവിടുന്നത്. കോതമംഗലം താലൂക്കിലെ കടവൂര്‍ വില്ലേജില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു. കോതമംഗലം താലൂക്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ബുധനാഴ്ച്ച രാത്രി മുതല്‍ ക്യാമ്പുകളിലേക്ക് മാറ്റി