എറണാകുളം: ഏതൊരമ്മയുടേയും ഹൃദയം തകർന്നുപോകുന്ന നിമിഷങ്ങൾ. പക്ഷേ അതെല്ലാം പ്രതീക്ഷയോടെ നേരിട്ട കായംകുളം സ്വദേശി ബിന്ദു എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് മടങ്ങുന്നത് ഹൃദയം നിറഞ്ഞ നന്ദിയോടെ. കേരളമൊന്നാകെ പ്രാർഥനയോടെ വഴിയൊരുക്കിയ ആ ഹൃദയ യാത്ര ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ബിന്ദുവും ഭർത്താവ് സതീഷും. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോമയോപതി എന്ന അസുഖബാധിതരായിരുന്നു ഇവരുടെ മക്കളായ സൂര്യനാരായണനും ഹരിനാരായണനും.
2021ല്‍ എറണാകുളത്തെ ലിസി ആശുപത്രിയില്‍ എത്തുമ്പോൾ സൂര്യനാരായണൻ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയം മാറ്റി വെക്കുകയെല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. പിന്നീടെല്ലാം യാദൃശ്‌ചികം മാത്രമായിരുന്നു. കിംസ് ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച അരവിന്ദന്‍റെ ഹൃദയം ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറായി. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിൽ ഹൃദയമെത്തിച്ച്, ഹൃദയ മാറ്റ ശസ്ത്രക്രിയ.
രണ്ട് വർഷത്തിനിപ്പുറം സമാനമായ സാഹചര്യത്തിലാണ് സഹോദരൻ ഹരിനാരായണനും ലിസി ആശുപത്രിയിലെത്തിയത്. എന്നാൽ ഹൃദയ ദാതാവിനെ ലഭിക്കാതെ ചെന്നെയിലെ ആശുപത്രിയിലേക്ക് പോയെങ്കിലും, ചികിത്സ ചെലവ് താങ്ങാനാവാതെ തിരിച്ചുവന്നു. അപ്പോഴാണ് മസ്തിഷ്ക്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ കുടുംബം മഹാദാനത്തിന്‍റെ മഹാമനസുമായി എത്തിയത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ച് ഹൃദയ മാറ്റ ശസ്ത്രക്രിയ.
പതിനേഴ് ദിവസത്തെ ആശുപത്രി വാസത്തിന് പൂർണ്ണ ആരോഗ്യവാനായി ഹരി നാരായണൻ ആശുപത്രിയിൽ നിന്ന് മടങ്ങി. ഹൃദയ മാറ്റ ശസ്ത്രക്രിയയിൽ ലിസി ആശുപത്രിക്ക് അപൂർവ്വങ്ങളിൽ അപൂർവമായൊരു ചരിത്രം. ഡോ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർക്ക് അഭിമാന നിമിഷം. മക്കൾക്ക് അമ്മ ബിന്ദുവിന്‍റെ സ്‌നേഹ ചുംബനം. പ്രാർഥനയുമായി ഒപ്പം നിന്നവർക്ക് നന്ദി.