എറണാകുളം: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായുള്ള സി.പി.ആർ ഹാർട്ട് ബീറ്റ്സ് പരിശീലനത്തിൽ 28,523 പേർ പങ്കെടുത്തു. 323 സ്കുളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത പരിപാടി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിലും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സിലും ഇടം നേടി. ജില്ലയിലെ 350 സ്‌കൂളുകളില്‍ നിന്നുള്ള ഒന്‍പത് മുതല്‍ പ്ലസ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെൻ്ററിൽ ജില്ലാ ഭരണകൂടം, ഏയ്ഞ്ചൽ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 9 ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത് പേര്‍ അടങ്ങുന്ന 400 ടീമായി 4000 വിദ്യാര്‍ഥികളാണ് ഒരു മണിക്കൂര്‍ വീതമുള്ള സി.പി.ആര്‍ ട്രെയിനിങ്ങിൻ്റെ ഓരോ ബാച്ചിലും പങ്കെടുത്തത്. 400 സ്‌കില്‍ഡ് ട്രെയിനർമാര്‍, 80 സ്റ്റുവാര്‍ഡ് തുടങ്ങിയവരാണ് പരിപാടിക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത്. രാവിലെ 9.45ന് ആരംഭിച്ച ഹാര്‍ട്ട് ബീറ്റ്‌സിന് ഡോ. സച്ചിന്‍ വി മേനോന്‍, ഡോ.വേണുഗോപാലന്‍ പി.പി, ഡോ.വി അജിത്ത് എന്നിവർ നേതൃത്വം നല്‍കി. ഇതിനു പുറമെ നാലംഗ വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പരിശീലനം.
ഗിന്നസ് അഡ്ജുഡിക്കേറ്റര്‍ ഋഷിനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെക്കോഡ് തിട്ടപ്പെടുത്തിയത്. 1000 ഡോക്ടര്‍മാര്‍, 3000 വോളൻ്റിയേഴ്‌സ്, 80 സ്റ്റുവാര്‍ഡ്‌സ്, 3000 സംഘാടക സമിതി അംഗങ്ങള്‍ എന്നിവർ ഹാർട്ട് ബീറ്റ്സ് 2019ന് നേതൃത്വം നല്‍കി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ് സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ സവിത യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു ഇതിനു മുമ്പ് ഈ വിഭാഗത്തിലെ റെക്കാർഡ്. 28,015 പേർക്കാണ് സവിത യൂണിവേഴ്സിറ്റി ഒറ്റ ദിവസത്തിൽ പരിശീലനം നൽകിയത്.