എറണാകുളം: ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ പൊലീസ് സംരക്ഷണം തേടി എറണാകുളം - അങ്കമാലി അതിരൂപത അപ്പോസ്‌തലിക് അഡ്‌മിനിസ്‌ട്രേറ്റര്‍ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി വ്യാഴാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിച്ചാണ് കേസ് വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. പ്രതിഷേധം മൂലം പള്ളിയില്‍ പ്രവേശിക്കാനോ ആരാധന നടത്തുവാനോ കഴിയുന്നില്ലെന്നും തന്‍റെ ജീവന് ഭീഷണയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്.
ഹർജിയിൽ ബിഷപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. അതേസമയം പള്ളിയിൽ കുർബാന സമയം പൊലീസ് കയറുന്നത് ഒഴിവാക്കണമെന്ന് അൽമായ മുന്നേറ്റം സെക്രട്ടറി കോടതിയിൽ വ്യക്തമാക്കി.