എറണാകുളം: കൊലപാതകക്കേസിലെ അപ്പീൽ നിലനിൽക്കെ തൊണ്ടി മുതൽ നശിപ്പിക്കാൻ ഉത്തരവിട്ട ജില്ല ജഡ്‌ജിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കൊല്ലം മൈലക്കാട് ജോസ് സഹായൻ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട സംഭവത്തിലാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ അപ്പീല്‍ നിലനില്‍ക്കെ തൊണ്ടി മുതലുകള്‍ നശിപ്പിക്കാനായിരുന്നു വിചാരണ കോടതിയായ അഡി. സെഷൻസ് കോടതിയുടെ ഉത്തരവ്.
തൊണ്ടി മുതലുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്നാണെന്നും വ്യക്തമാക്കി ജില്ല ജഡ്‌ജിയില്‍ റിപ്പോര്‍ട്ട് തേടാനും ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി കേസിലെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൊണ്ടി മുതല്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
കേസില്‍ അപ്പീല്‍ നിലനില്‍ക്കേ തൊണ്ടി മുതല്‍ നശിപ്പിക്കാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ജോസ് സഹായന്‍റെ ഭാര്യ ലിസി ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ജില്ല ജഡ്‌ജിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. തൊണ്ടി മുതലുകള്‍ അപ്പീല്‍ കാലാവധിയായ 60 ദിവസം വരെ സൂക്ഷിക്കണമെന്നാണ് ചട്ടം.
സംഭവത്തില്‍ 25 ദിവസത്തിനുള്ളില്‍ പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ വിചാരണ കോടതിയുടെ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.
ജോസ് സഹായകനെ വെട്ടിക്കൊലപ്പെടുത്തി ക്വട്ടേഷന്‍ സംഘം: 2009 ജൂലൈ 29നാണ് കൊല്ലം മൈലക്കാട് സ്വദേശിയായ ജോസ് സഹായന്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ ക്വട്ടേഷന്‍ സംഘം രാത്രിയില്‍ ജോസിനെ നടു റോഡില്‍ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളിലൊരാളുടെ പ്രണയത്തെ കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വിവരം നല്‍കിയതാണ് കൊലപാതകത്തിന് കാരണമായത്.
ബിജെപി ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് അടക്കം പത്ത് പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. 2017ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ഒക്‌ടോബര്‍ 7നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ജോസ് സഹായന്‍റെ ഭാര്യ ലിസിയെയാണ് ആദ്യ ദിനം വിസ്‌തരിച്ചത്. 85 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്.
ഒടുക്കം വെറുതെ വിട്ടു കോടതി: ജോസ് സഹായന്‍ വധക്കേസില്‍ നീണ്ടക്കാലത്തെ നിയമ പോരാട്ടത്തിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികളെ കോടതി വെറുതെവിട്ടത്. കേസിലുള്‍പ്പെട്ട 10 പ്രതികളെയാണ് അഡി. സെഷൻസ് കോടതി വെറുതെ വിട്ടത്. മൈലക്കാട് തൊടിയില്‍ വീട്ടില്‍ ബിനു, വടക്കേ മൈലക്കാട് മേലെതില്‍ വീട്ടില്‍ റിജു, നെടുങ്ങോലം മീനാടുവിള വീട്ടില്‍ ഉണ്ണി, മീനാട് ഏറം പണ്ടാരത്തോപ്പ് കാരംകോട്ട് രതീഷ്, ചിറയിൻകീഴ് പറയകോണം ശിവാലയത്തിൽ അഖിൽ, മൈലക്കാട് തുണ്ടുവിള വീട്ടിൽ രഞ്ജു, ചിറയിൻകീഴ് കിഴുവിലം മുടപുരം പാവുവിളവീട്ടിൽ ഓട്ടോ ജയൻ, മീനാട് രാമചന്ദ്രവിലാസത്തിൽ ചെവിക്കല്ല് രാജേഷ്, മൈലക്കാട് പുത്തൻപുരയിൽ ജോഷിബാ ബോണിഫസ് എന്നീ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
കേസിലെ പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.