എറണാകുളം : കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവിന്‍റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേ സമയം ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കര്‍മ്മസമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനെ ഹൈക്കോടതി നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി എത്ര കോടി ചെലവാക്കുന്നുണ്ടെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. കൊച്ചിയെ സിംഗപ്പൂര്‍ പോലെ ആക്കണമെന്നല്ല, എന്നാല്‍ ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.