എറണാകുളം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികളാണ് വ്യാഴാഴ്‌ച ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
രണ്ട് ഹർജികളും തള്ളിയ കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ദീപു ലാൽ മോഹൻ സ്ഥിരീകരിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം ചെറിയാനെ അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ചെറിയാന്‍റെ പെരുമാറ്റം ഭരണഘടനയുടെ ആർട്ടിക്കിൾ 173 (എ), 188 എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹത്തിന്‍റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നതിനുള്ള നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഹർജികളിൽ വാദിച്ചിരുന്നു.
എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥ ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം.