എറണാകുളം: തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്തിന്മേൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
സർക്കാർ വാദങ്ങൾ അടക്കം കണക്കിലെടുത്താണ് ഹർജി ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ച് തള്ളിയത്. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്.
ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കല്‍ ഇല്ലെന്നും സർക്കാരിനു വേണ്ടി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകി.
വിവാദത്തിൽ സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണ് എന്നായിരുന്നു ആക്ഷേപം. സത്യപ്രതിജ്ഞ ലംഘനവും നടന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു.