എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസിൽ റിമാന്‍ഡിൽ തുടരവെയാണ് എം ശിവശങ്കർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചിനു മുന്നിൽ പരിഗണനയ്ക്ക് വന്നെങ്കിലും കോടതി കേസ് എടുത്തില്ല.
പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കേൾക്കാതിരുന്നത്. അഴിമതി നിരോധന പ്രകാരമുള്ള ഹർജികൾ മാത്രമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കാറുള്ളത്. പരിഗണനാധികാരമുള്ള മറ്റൊരു ബെഞ്ച് എം ശിവശങ്കറിന്‍റെ ജാമ്യ ഹർജി തിങ്കളാഴ്‌ച പരിഗണിക്കും.
നേരത്തെ ശിവശങ്കറിന്‍റെ ജാമ്യഹർജി കീഴ്‌ക്കോടതി തള്ളിയിരുന്നു. പല രോഗങ്ങൾക്ക് ചികിത്സയിലുള്ള ആളാണ് താൻ. തന്‍റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇഡി അധികാര ദുർവിനിയോഗം നടത്തിയാണ് കേസിൽ തന്നെ പ്രതി ചേർത്തിട്ടുള്ളത്. മാത്രവുമല്ല തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ല. തന്നെ ഇഡി വേട്ടയാടുകയാണ് എന്നുമാണ് ജാമ്യാപേക്ഷയിൽ ശിവശങ്കർ പറയുന്നത്.
ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇഡിയുടെ കസ്റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലിൽ റിമാന്‍ഡിൽ തുടരുകയാണ് ശിവശങ്കർ. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റ്: ഫെബ്രുവരി 14ന് രാത്രിയാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത്. ലൈഫ് മിഷന്‍ കോഴക്കേസില്‍ ആദ്യത്തെ അറസ്റ്റും ശിവശങ്കറിന്‍റേതായിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് കൃസന്‍റ് അനുവദിച്ച 18.50 കോടി രൂപയില്‍ നിന്ന് 14.50 കോടി ചെലവാക്കി സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടതാണ് കേസ്. 14.50 കോടി കിഴിച്ച് ബാക്കി വരുന്ന തുകയ്‌ക്ക് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ നിര്‍മിക്കുമെന്നും കരാറില്‍ രേഖപ്പെടുത്തിയിരുന്നു.
കോടികള്‍ കൈക്കൂലി നല്‍കിയതായി ഈപ്പന്‍: ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍ ഉള്‍പ്പെയെയുള്ള പ്രതികള്‍ക്ക് 4 കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണ കടത്ത് കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് ഒരപ കോടിയോളം രൂപ കണ്ടെത്തിയത്.
പണം ശിവശങ്കര്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ കൈക്കൂലിയാണെന്ന് ചോദ്യം ചെയ്യലില്‍ സ്വപ്‌ന മൊഴി നല്‍കി. കൂട്ടു പ്രതിയായ സരിത്തും ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ശിവശങ്കറിന് നോട്ടിസ് നല്‍കുകയും ചെയ്‌തു.
ജനുവരി 31ന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചെങ്കിലും അസൗകര്യമുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് ഫെബ്രുവരി 13ന് ഹാജരാകാന്‍ നിര്‍ദേശിച്ചു. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി പല ഘട്ടത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15നാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു കൊണ്ട് എറണാകുളം സിബിഐ കോടതി ഉത്തരവിട്ടത്.