എറണാകുളം: ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. 500 രൂപയാക്കി നിശ്ചയിച്ച സർക്കാർ ഉത്തരവാണ് റദ്ദാക്കിയത്. പുതിയ ഉത്തരവ് മൂന്നാഴ്ചക്കകം ഇറക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ തീരുമാനത്തിനെതിരായ ലാബ് ഉടമകളുടെ ഹർജിയിലാണ് നടപടി. നിലവില്‍ 1700 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. കോടതി വിധിയോടെ ലാബുകള്‍ക്ക് ഈ നിരക്ക് തുടരാം.
സ്വകാര്യ ലാബുകളുമായി കൂടിയാലോചിക്കാതെ സർക്കാർ ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞ നിരക്കിൽ ടെസ്റ്റ് നടത്തുന്നത് ലാബുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഇതര സംസ്ഥാനങ്ങളിലെ ആർടിപിസിആർ നിരക്ക് കോടതിയെ അറിയിച്ച സർക്കാർ ലാബ് ഉടമകളുടെ വാദത്തെ ശക്തമായി എതിർത്തിരുന്നു.
ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റിന് 500 രൂപയും ഒഡിഷയില്‍ 400 രൂപയും പഞ്ചാബിൽ 450 രൂപയുമാണ് ഈടാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ലാബുടമകളുടെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
നിരക്ക് കുറച്ച സർക്കർ ഉത്തരവ് റദ്ദാക്കണമെന്ന ലാബ് ഉടമകളുടെ അവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷമാണ് വിശദമായ വാദം കേട്ട് സിംഗിൾ ബെഞ്ചിന്‍റെ പുതിയ ഉത്തരവ്.