എറണാകുളം: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി. ആദ്യം വിരമിച്ച 174 പേർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി ആനുകൂല്യവും നൽകാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിയോട് ഹൈക്കോടതി നിലപാട് തേടി.
2022 ജനുവരി 31 മുതൽ മാർച്ച് വരെ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ആദ്യത്തെ 174 പേർക്ക് ഈ മാസം തന്നെ പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം. ജൂൺ 30 മുന്‍പ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. തുടങ്ങിയ നിർദേശങ്ങളാണ് ഹൈക്കോടതി കെഎസ്ആർടിസിയ്ക്ക് മുന്നിൽ വച്ചത്. ഇത് പ്രകാരം എത്ര പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാകുമെന്നത് സംബന്ധിച്ച് കെഎസ്ആർടിസി നാളെ നിലപാട് അറിയിക്കും.
പെൻഷൻ ആനുകൂല്യ വിതരണത്തിന് 6 മാസത്തിൽ കൂടുതൽ സമയം നൽകാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. പെൻഷൻ കൊടുത്താൽ ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്ത അവസ്ഥയാണ്. ആനുകൂല്യ വിതരണത്തിന് രണ്ട് വർഷം സാവകാശം വേണമെന്നു പറയുന്നത് തന്നെ കുറ്റമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
സർക്കാർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഒളിച്ചു കളിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തി. ജോലിയെടുത്തവർക്ക് വിരമിക്കുമ്പോൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ഥാപനം അടച്ചു പൂട്ടണമെന്ന് കോടതിക്ക് അഭിപ്രായമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
1,001 പേരിൽ 23 പേർക്ക് മാത്രമാണ് വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്‌തിട്ടുള്ളൂ എന്നാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. 924 പേർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പെൻഷൻ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട കെഎസ്ആർടിസിയുടെ പുനഃപരിശോധന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.